
തിരുവനന്തപുരം: പാറശാല - ധനുവച്ചപുരം വി ടി എം എൻ എസ് എസ് കോളേജിൽ പരീക്ഷയെഴുതാനെത്തിയ മകനെയും മാതാവിനെയും എബിവിപി പ്രവര്‍ത്തകര്‍ മർദ്ദിച്ചതായി പരാതി. വാക്കുതര്‍തക്കത്തിനിടെ കോളേജിലെ വിദ്യാർത്ഥിയെ കരണത്ത് അടിച്ചതിന് മാതാവിനെതിരെയും കേസ്. രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ പേരൂർക്കട മണ്ണാമൂല സ്വദേശിയായ സുമ, മകൻ അനൂപ് (20) എന്നിവർക്കാണ് മർദ്ദനമേറ്റത്. ബുധനാഴ്ചയാണ് സംഭവം.
ധനുവച്ചപുരം വി ടി എം എൻ എസ് എസ് കോളേജലാണ് അനൂപിന് പരീക്ഷക്കുള്ള സെന്റർ ലഭിച്ചത്. ഉച്ചക്ക് 12.30 ഓടെ കോളേജിലെത്തിയ അനൂപിനോട് സെക്യൂരിറ്റി ജീവനക്കാരൻ ഹാൾ ടിക്കറ്റ് ആവശ്യപ്പെട്ട് മോശമായി പെരുമാറിയെന്നും ഇത് ശ്രദ്ധയിൽപ്പെട്ട കോളേജിലെ എ ബി വി പി സംഘം അകാരണമായി അനൂപിനെ കോളേജിനുള്ളിലെ ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുയെന്നുമാണ് പരാതിയിൽ പറയുന്നത്.
തുടർന്ന് പരീക്ഷയെഴുതുവാനായി ഹാളിൽ പ്രവേശിച്ചെങ്കിലും തലയിലും ചെവിയിലും ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരീക്ഷയെഴുതുവാൻ സാധിക്കാതെ പുറത്തിറങ്ങിയ അനൂപ് വിവരം മാതാവിനെ വിളിച്ചറിയിച്ചു. തുടര്‍ന്ന് മാതാവിനൊപ്പം പ്രിൻസിപ്പാളിന് പരാതി നൽകാന്‍ പോയപ്പോൾ വീണ്ടും ഇരുപതോളം വരുന്ന എബിവിപി സംഘം ഇരുവരെയും മർദ്ദിച്ചെന്നുമാണ് പരാതി. എന്നാൽ പരീക്ഷ എഴുതാൻ എത്തിയ അനൂപ് ഹാൾ ടിക്കറ്റ് ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനോട് മോശമായി പെരുമാറിയതായി കോളേജ് അധികൃതർ പറയുന്നു. ഇത് കണ്ടു നിന്ന വിദ്യാർഥികളിൽ രണ്ടുപേർ സംഭവം ചോദ്യംചെയ്ത് അനൂപുമായി വാക്കേറ്റവും തുടർന്ന് ഉന്തും തള്ളുമുണ്ടായി.
സംഭവ ശേഷം കോളേജിനുള്ളിലേക്ക് പോയ അനൂപ് വിവരം മാതാവിനെ വിളിച്ചു അറിയിക്കുകയായിരുന്നു. കോളേജിലെത്തിയ മാതാവ് കോളേജിലെ ചില വിദ്യാർഥികളുമായി വാക്കേറ്റം ഉണ്ടാകുകയും കോളേജിന് മുന്നിൽ വെച്ച് സുമ ഒരു വിദ്യാർത്ഥിയുടെ കരണത്ത് അടിച്ചതായും പാറശ്ശാല പൊലീസ് പറഞ്ഞു. വിദ്യാർഥികൾ ഇടഞ്ഞതോടെ പാറശ്ശാല പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് തങ്ങളെ മർദിച്ചു എന്ന് കാട്ടി സുമയും അനൂപും പാറശാല ഗവ.താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സംഭവങ്ങളുടെ ദൃശ്യങ്ങൾ കോളേജിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസിന് നൽകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഇരു വിഭാഗങ്ങളുടെയും പരാതിയിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam