നായയെ കണ്ട് പേടിച്ചോടി കിണറ്റിൽ വീണു, 30 അടി താഴ്ചയിൽ നിന്ന് മൂന്നാം ക്ലാസുകാരന് പുതുജീവൻ

By Web TeamFirst Published Sep 24, 2022, 12:30 PM IST
Highlights

സ്കൂള് വിട്ട് വരുമ്പോഴാണ് ലെവിനെ പട്ടി ഓടിച്ചത്. പട്ടി പിന്നാലെ വന്നതോടെ കുറച്ച് ദൂരം ഓടിയ കുട്ടി കാട് മൂടിക്കിടന്ന 30 അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു

നീണ്ടൂര്‍ (കോട്ടയം) : നായയെ കണ്ട് ഭയന്നോടി മുപ്പതടിയിലേറെ താഴ്ചയുളള കിണറ്റില്‍ വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് കോട്ടയത്തെ നീണ്ടുരുകാരന്‍ ലെവിന്‍ എന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും കുടുംബവും. അയല്‍വാസിയായ യുവാവിന്‍റെ സമയോചിതമായ ഇടപെടലാണ് മൂന്നാം ക്ലാസുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. അതിശയകരമാണ് ലെവിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. 

നീണ്ടൂര്‍ ഓടം തുരുത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം വരെ കാട് മൂടിയ അവസ്ഥയിലായിരുന്നു കിണര്‍. കണ്ടാൽ അവിടെയൊരു കിണറുണ്ടെന്ന് പോലും തോന്നില്ലായിരുന്നു. 15 മിനുട്ടിലേറെ നേരമാണ് ലെവിൻ കിണറ്റിൽ കുടുങ്ങിക്കിടന്നത്. സ്കൂള് വിട്ട് വരുമ്പോഴാണ് ലെവിനെ പട്ടി ഓടിച്ചത്. പട്ടി പിന്നാലെ വന്നതോടെ കുറച്ച് ദൂരം ഓടിയ കുട്ടി കാട് മൂടിക്കിടന്ന ഈ കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ വീണ താൻ കയറിൽ പിടിച്ച് നിന്ന് ഉറക്കെ കരയുകയായിരുന്നുവെന്ന് ലെവിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇവിടെ ഇങ്ങനെ ഒരു കിണറുണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ലെവിൻ പറഞ്ഞു. 

ലെവിൻ കരയുന്നത് കേട്ട് തൊട്ടടുത്ത വീട്ടിലെ രജ്ഞിത എന്ന യുവതിയാണ് ബഹളം വച്ച് നാട്ടുകാരെ അറിയിച്ചത്. കരച്ചില് കേട്ടപ്പോ ആദ്യം കിണറ്റിലാണെന്ന് മനസ്സിലായിരുന്നില്ലെന്നും പിന്നെയും കരച്ചില് കേട്ടപ്പോഴാണ് സംശയം തോന്നി കിണറ്റിലേക്ക് നോക്കിയതെന്നും അവര്‍ പറഞ്ഞു. ഇതോടെ രഞ്ജിത നാട്ടുകാരെ വിളിച്ച് ബഹളം വച്ചു. താൻ പേടിച്ചുപോയെന്നും വഴിയിലിറങ്ങി നിന്ന് കരഞ്ഞ് വിളിച്ചാണ് നാട്ടുകാരെ വിവരമറിയിച്ചതെന്നും അവര്‍ പറഞ്ഞു. അപ്പോഴേക്കും ആളുകൾ ഓടിക്കൂടി. ജിനോ എന്ന യുവാവാണ് ലെവിനെ രക്ഷപ്പെടുത്തിയത്. കയറിട്ട് നൽകിയിട്ടും കയറാനാകാതെ വന്നതോടെ പിന്നീട് കസേരയിട്ട് കൊടുത്ത് ജിനോയും ഒപ്പമിറങ്ങിയാണ് കുട്ടിയെ രക്ഷിച്ചത്. ഈ കിണറിന് ചുറ്റും ഇപ്പോൾ വൃത്തിയാക്കിയിട്ടുണ്ട്.

click me!