
മൂന്നാർ: അടിമാലിയില്‍ യുവതിയെ വാടക വീട്ടിനുള്ളില്‍ ആത്മഹത്യ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. വാളറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ രാജീവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. അടിമാലി പൊളിഞ്ഞപാലം സ്വദേശിനി ആറുകണ്ടത്തില്‍ ശ്രീദേവിയാണ് മരിച്ചത്. അടിമാലി പൊളിഞ്ഞപാലം പ്രിയദര്‍ശിനി കോളനിയിലെ വീട്ടിലാണ് ശ്രീദേവിയെന്ന യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ മൂന്നുമണിയോടെയാണ് ശ്രീദേവി തൂങ്ങിമരിച്ച വിവരം അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അറിയുന്നത്. ഇതോടെ വീട്ടുടമസ്ഥനെ അടക്കം വിവരമറിയിച്ചു. എന്നാല്‍ പൊലീസ് സംഘം വിവരമറിഞ്ഞ് സ്ഥലത്ത് എത്തുന്നതിന് മുന്‍പേ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ആണ്‍ സുഹൃത്ത് യുവതിയെ താഴെയിറക്കിയിരുന്നു. ഇതോടെയാണ് അയല്‍വാസികള്‍ പൊലീസിനെ സംശയം അറിയിച്ചത്. തുടര്‍ന്ന് അടിമാലി പോലീസും ഇടുക്കി ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. തെളിവുകള്‍ ശേഖരിച്ചു.
തുടര്‍ന്നാണ് കൂടെ താമസിച്ചിരുന്ന വാളറ പുത്തന്‍പുരയ്ക്കല്‍ രാജീവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം ഗാര്‍ഹീക പീഡനം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതി ശ്രീദേവിയെ മര്‍ദ്ദിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായും വ്യക്തമായിട്ടുണ്ട്. അടിമാലി എസ്.എച്.ഒ ക്ലീറ്റസ് കെ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ എസ്.ഐ പ്രവീണ്‍ പ്രകാശ്, എസ്.ഐ അബ്ബാസ് ടി.എം, എ.എസ്.ഐ ഷാജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ശ്രീദേവിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More : 'ഇനി ഒരാൾക്കും ഈ ഗതി വരരുതേ'; ആളുമാറി അറസ്റ്റ്, മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി ഭാരതിയമ്മ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam