
തിരുവനന്തപുരം: അഞ്ച് പേർക്ക് പുതുജീവൻ നൽകി ദിവാകർ യാത്രയായി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കവടിയാർ ജവഹർ നഗർ സ്വദേശി ദിവാകർ എസ്. രാജേഷിന്‍റെ (53) അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്തു. ദിവാകറിന്‍റെ രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും ഒരു വൃക്ക കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ രോഗിക്കും രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. തീവ്രമായ ദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ദിവാകറിന്റ കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
തിരുവനന്തപുരത്ത് ടാക്സ് കൺസൾട്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ദിവാകർ. ഡിസംബർ 14ന് രാത്രി 10ന് കടുത്ത തലചുറ്റലിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 17ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. അഡ്വക്കേറ്റ് അശ്വതി ബോസാണ് ഭാര്യ: പ്ലസ്ടു വിദ്യാർഥി പൂർണിമ രാജേഷാണ് മകൾ. സംസ്കാര ചടങ്ങുകൾ നാളെ ജവഹർനഗറിലെ വീട്ടിൽ നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam