
തൃശൂർ: തൃശൂരിലെ അങ്കണവാടിയിൽ വൻ കടന്നൽ ആക്രമണം. കുട്ടികൾക്കും അങ്കണവാടി ഹെൽപ്പർക്കും നാട്ടുകാർക്കും ഉൾപ്പടെ 8 പേർക്ക് കടന്നൽ കുത്തേറ്റു. വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166 -ാം നമ്പർ അംഗനവാടിയിൽ ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം. കടന്നൽ കുത്തേറ്റ 5 കുട്ടികൾ, അങ്കണവാടി ഹെൽപ്പർ പുതുരുത്തി സ്വദേശിനി പാമ്പും കാവിൽ വീട്ടിൽ 56 കാരി ശോഭന, പ്രദേശവാസികളായ ആശാവർക്കർ ബോബി വർഗീസ് (55) , ജോസ് ചിരിയങ്കണ്ടത്ത് (70) എന്നിവരെ നാട്ടുകാരുടെ നേതൃത്വത്തിൽ തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സമയം ഏഴ് കുട്ടികളാണ് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. സമീപത്തെ പറമ്പിലെ പ്ലാവിൻ കൊമ്പിലെ കടന്നൽ കൂടിളകി അങ്കണവാടിയിൽ ഭക്ഷണം കഴിച്ച് പുറത്തുനിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്നാണ് വിവരം. കെട്ടിടത്തിന് അകത്തേക്ക് ഓടിയ കുട്ടികളെ പൊതിഞ്ഞു പിടിച്ച് രക്ഷിക്കാൻ ശ്രമിച്ച ഹെൽപ്പർ ശോഭനയെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചു. റോഡിലേക്ക് ഓടിയിറങ്ങിറയ ഇവർ റോഡരികിലെ കാനയിൽ വീണു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരിൽ ചിലർക്കും കടന്നൽ കുത്തേറ്റു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam