
ഇടുക്കിയിൽ പ്രഭാത ഭക്ഷണം കഴിക്കാതെയെത്തുന്ന കുട്ടികൾക്കായി ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന ‘ഒരുമയോടെ ഒരു മനസ്സായി’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. സ്കൂളുകളിലെ പ്രതിസന്ധിയിലായ ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഇടുക്കിയിൽ ‘ഒരുമയോടെ ഒരു മനസ്സായി’ എന്ന പദ്ധതി ആവിഷ്കക്കരിച്ചത്.
ഒരോ ദിവസവും സ്കൂളിൽ പല കുട്ടികളുടെ ജന്മദിനം ഉണ്ടാകും. അതുപോലെ അധ്യാപക അനധ്യാപകരുടെും രക്ഷകർത്താക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും ജന്മദിനമോ വിവാഹ വാർഷികമോ ഒക്കെ ഉണ്ടാകും. ഈ ദിവസം സ്കൂൾ കുട്ടികൾക്ക് എന്തെങ്കിലും ഒരു വിഭവം സ്പോൺസർ ചെയ്യിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻറെ ചുവടു പിടിച്ചാണ് പ്രഭാത ഭക്ഷണം നൽകാനുളള തീരുമാനവും എടുത്തത്. സാമ്പത്തിക പ്രതിസന്ധിയുള്ളവർക്കൊപ്പം മാതാപിതാക്കൾ അതിരാവിലെ കൂലിപ്പണിക്കു പോകുമ്പോൾ ഭക്ഷണമുണ്ടാക്കാൻ കഴിയാത്ത സാഹചര്യം പല വീടുകളിലുമുണ്ട്. ഇങ്ങനെയുള്ള വീടുകളിലെ കുട്ടികൾ ഉച്ചവരെ പട്ടിണിയിരിക്കുന്നത് ഒഴിവാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാമ്പാടുംപാറ സ്കൂളിൽ വച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇടുക്കിയിലെ 462 സ്ക്കൂളുകളിൽ തോട്ടം മേഖലയിലും മറ്റുമുള്ള 108 ഇടത്താണ് പ്രഭാത ഭക്ഷണം വേണ്ടത്. ഇതിൽ 52 ഇടങ്ങളിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഭക്ഷണം നൽകുന്നുണ്ട്. പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ അടുത്ത മാർച്ച് അവസാനം വരെ ഭക്ഷണത്തിനുള്ള സാധനങ്ങളെത്തിക്കാൻ ആളുകൾ തയ്യാറായി വന്നു കഴിഞ്ഞു.
നേരത്തെ മുരിക്കാട്ടുകുടി ട്രൈബല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ ലിന്‍സി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടേയും പിടിഎയുടെയും സുമനസുകളുടെ സഹായത്തോടെയും കൂടി സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കുന്നതിന് മുന്‍കൈ എടുത്തത് വാര്‍ത്തയായിരുന്നു. മുരിക്കാട്ടുകുടി, കോടാലിപ്പാറ, കണ്ണംപടി എന്നീ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. അറുപത് ശതമാനം ആദിവാസി കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. കുട്ടികളില്‍ പലരും പട്ടിണിയിലോ അര്‍ദ്ധപട്ടിണിയിലോ ആണെന്നറിഞ്ഞതോടെ ഉച്ചഭക്ഷണം ലഭിക്കാത്ത കുട്ടികള്‍ക്കും പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നല്‍കാന്‍ സ്കൂള്‍ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam