സർക്കാർ സർവേയുടെ പേരിൽ വീട്ടിൽ കയറിയ പ്രതിയായ സാക്കിറിനെ മണിക്കൂറുകൾക്കുള്ളിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. മോഷ്ടിച്ച മൂന്ന് പവൻ സ്വർണ്ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.
മലപ്പുറം: ആതവനാട് പൂളമംഗലത്ത് പകൽസമയത്ത് സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതിയെ കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. നഫീസ എന്ന വീട്ടമ്മയുടെ അയൽവാസിയായ പൂളമംഗലം സ്വദേശി സാക്കിർ ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെ നടന്ന കവർച്ചയ്ക്ക് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ, വീട്ടിലെ പുരുഷന്മാർ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ സമയം നോക്കിയാണ് സാക്കിർ കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലെത്തിയത്. സാരിയുടുത്ത് സ്ത്രീവേഷം ധരിച്ചെത്തിയ ഇയാൾ സർക്കാരിന്റെ എസ്.ഐ.ആർ ഫോമിലെ വിവരങ്ങൾ അന്വേഷിക്കാനെന്ന വ്യാജേനയാണ് വീട്ടമ്മയെ സമീപിച്ചത്. ആധാർ കാർഡ് എടുക്കാനായി നഫീസ വീടിനകത്തേക്ക് പോയപ്പോൾ പിന്നാലെ ചെന്ന സാക്കിർ ഇവരെ ബലമായി കീഴ്പ്പെടുത്തുകയും ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയും വളയും കവരുകയുമായിരുന്നു.
മോഷണം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ കൽപ്പകഞ്ചേരി പൊലീസ് ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയൽവാസി കൂടിയായ സാക്കിറിലേക്ക് പൊലീസിന്റെ ശ്രദ്ധ എത്തിയത്. റോഡിലൂടെ പോവുകയായിരുന്ന സാക്കിറിനെ പൊലീസ് തന്ത്രപരമായി തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ഒളിപ്പിച്ചുവെച്ച മൂന്ന് പവൻ സ്വർണ്ണാഭരണങ്ങൾ പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. സ്വന്തം അയൽവാസി തന്നെ ഇത്തരത്തിൽ വേഷം മാറി എത്തി മോഷണം നടത്തിയത് നാട്ടുകാരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


