
തിരുവനന്തപുരം: ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകാൻ കൈകൂലി വാങ്ങിയ പഞ്ചായത്ത് ഓഫീസ് സെക്ഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ. കോട്ടുകാൽ പഞ്ചായത്ത് ഓഫീസിലെ സെക്ഷൻ ക്ലാർക്ക് എം. ശ്രീകുമാറാണ് 10000/-രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയിലായത്.
കല്ലിയൂർ സ്വദ്ദേശിയായ സുരേഷ് എന്നയാൾ വിഴിഞ്ഞം ആഴിമല ഭാഗത്ത് ചന്ദ്രൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിന്റെ രണ്ടു നിലകൾ വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേ തുടങ്ങുന്നതിലേയ്ക്ക് കോട്ടുകാൽ പഞ്ചായത്ത് ഓഫീസിൽ നിന്നും 2019-ൽ ലൈസൻസ് വാങ്ങിയിരുന്നു. എന്നാൽ കോവിഡ് കാലമായിരുന്നതിനാൽ ഹോം സ്റ്റേ ആരംഭിക്കാൻ സാധിച്ചില്ല.
ലൈസൻസിന്റെ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോട്ടുകാൽ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകി. തുടർന്ന് അടുത്ത ദിവസം കെട്ടിടം പരിശോധന നടത്താൻ എത്തിയ സെക്ഷൻ ക്ലാർക്ക് എം. ശ്രീകുമാർ ലൈസൻസ് പുതുക്കി നൽകുന്നതിന് 25000/-രൂപ ആവശ്യപ്പെടുകയും ആദ്യ ഗഡുവായി 10000/- രൂപ ഉടൻ നൽകണമെന്ന് അറിയിക്കുകയും ചെയ്തു.
തുടർന്ന് പരാതിക്കാരനായ സുരേഷ് ഇക്കാര്യം വിജിലൻസിന്റെ തിരുവനന്തപുരം സതേൺ റേഞ്ച് പൊലീസ് സൂപ്രണ്ട് ആർ.ജയശങ്കറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം സതേൺ റേഞ്ച് ഡി.വൈ.എസ്.പി, അനിൽ കെണിയൊരുക്കി ബുധനാഴ്ച ഉച്ചയ്ക്ക് 12.00 മണിയോടെ കോട്ടുകാൽ പഞ്ചായത്ത് ഓഫീസിന് സമീപം പരാതിക്കാരന്റെ കാറിൽ വച്ച് 10000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ശ്രീകുമാറിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഇന്‍സ്പെക്ടര്‍മാരായ വിജയരാഘവൻ, ശ്രീകുമാർ, വിനേഷ് കുമാർ സബ്-ഇന്‍സ്പെക്ടര്‍മാരായ ഖാദർ, ഗോപാലകൃഷ്ണൻ, ഗോപകുമാർ,ശശികുമാർ, രാജേഷ് സി.പി.ഒ മാരായ കണ്ണൻ, സിജി മോൻ, ബിജു തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam