പാലിക്കേര ടോളടയ്‌ക്കാതെ കടന്നുപോവാനുള്ള സമാന്തരപാതയാവാനൊരുങ്ങി പുലക്കാട്ടുകര പാലം

By Web TeamFirst Published Feb 13, 2021, 11:12 AM IST
Highlights

പുലക്കാട്ടുകര പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ടോള്‍ തുക അടക്കേണ്ട എന്ന് മാത്രമല്ല മണിക്കൂറുകളോളം നീളുന്ന വാഹനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കാം.

പാലിയേക്കര: തൃശൂര്‍ പാലിക്കേരയ്ക്ക് സമീപം ടോള്‍ ഒഴിവാക്കി യാത്ര ചെയ്യാവുന്ന പാലത്തിൻറെ പണി പൂര്‍ത്തിയായി. പുലക്കാട്ടുകര പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ടോള്‍ തുക അടക്കേണ്ട എന്ന് മാത്രമല്ല മണിക്കൂറുകളോളം നീളുന്ന വാഹനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കാം. മണലിപുഴയ്ക്ക് കുറുകെ ഒരു പാലം വേണമെന്നത് നാട്ടുകാരുടെ ഏറെ കാലമായുളള ആവശ്യമാണ്.

പതിറ്റാണ്ടുകള്‍ക്കു ശേഷം പാലം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് പ്രദേശവാസികള്‍ക്ക് മാത്രമല്ല ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും ആശ്വാസമാണ്. പാലിയേക്കരയിൽനിന്ന് രണ്ടുകിലോമീറ്ററാണ് പാലത്തിലേക്കുള്ള ദൂരം. പാലം കടന്ന് കല്ലൂർ വഴി രണ്ടരകിലോമീറ്റർ പിന്നിട്ടാൽ ആമ്പല്ലൂരിലെത്താം.

അതേസമയം തദ്ദേശവാസികള്‍ക്ക് പുറമെ ദേശീയപാതയിലെ വാഹനങ്ങളും ഇതിലൂടെ വരുമ്പോള്‍ കനത്ത ഗതാഗത കുരുക്കിന് സാധ്യതയുണ്ട്.ഇത് മുൻകൂട്ടി കണ്ട് നടപടി തുടങ്ങിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കേരളത്തിൽ പുഴയ്ക്കു കുറുകെ തൂണുകളില്ലാതെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഏറ്റവും നീളം കൂടിയ ബോക്സ് ഗർഡർ പാലമാണിത്. 3 കോടി 75 ലക്ഷം ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്.

click me!