
കോഴിക്കോട്: കോടികള്‍ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോഴിക്കോട് ഫറോക്ക് പഴയ പാലത്തിന്‍റെ അടിഭാഗത്തെ ക്രോസ് ബീമുകള്‍ തുരുമ്പെടുത്ത് അപകടാവസ്ഥയില്‍. പാലത്തിന്‍റെ അടിഭാഗത്തുള്ള ഗര്‍ഡറുകളോട് ചേര്‍ന്നുള്ള ഭാഗമാണ് ദ്രവിച്ച് അടര്‍ന്നു തുടങ്ങിയത്. പാലത്തിന്‍റെ അപകടാവസ്ഥ നേരത്തെ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
1883ല്‍ ബ്രിട്ടീഷുകാര്‍ പണി കഴിപ്പിച്ചതാണ് ഫറോക്ക് പാലം. ഫറോക്കിനേയും ചാലിയാറിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ ഗര്‍ഡറുകളോട് ചേര്‍ന്ന ക്രോസ് ബീമുകളാണ് തുരുമ്പെടുത്തിരിക്കുന്നത്. ഗർഡറുകള്‍ തൂണുകളില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ കവചവും തുരുമ്പെടുത്തിട്ടുണ്ട്. ഉയരം കൂടിയ വാഹനങ്ങള്‍ കടന്നു പോകുന്നത് കാരണം പാലത്തിന്‍റെ സംരക്ഷണ കവചങ്ങള്‍ മുമ്പ് തകര്‍ന്നിരുന്നു. 2022 ല്‍ സംരക്ഷണ കവചങ്ങള്‍ മാറ്റി സ്ഥാപിച്ചു. പാലത്തിന്‍റെ മുകള്‍ ഭാഗത്തും നടപ്പാതയിലും അറ്റകുറ്റപ്പണികളും നടത്തി. 90 ലക്ഷം ചെലവിട്ടായിരുന്നു പ്രവൃത്തി. വര്‍ഷമൊന്നു കഴിഞ്ഞപ്പോള്‍ ഒരു കോടി രൂപയിലധികം ചെലവിട്ട് പാലം ദീപാലംകൃതമാക്കി. ആഘോഷപൂര്‍വ്വം ഉദ്ഘാടനവും നടത്തി. പാലത്തിന്‍റെ അടിഭാഗം തുരുമ്പെടുത്ത കാര്യം അധികൃതരെ അന്നേ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയിലാണ് അടിഭാഗം തുരുമ്പെടുത്ത കാര്യം കണ്ടെത്തിയതെന്നും ആരും പരാതിയൊന്നും നല്‍കിയിരുന്നില്ലെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കായി 85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഭരണാനുമതി കിട്ടിയിലാടുന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.