
മലപ്പുറം: വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി സഹോദരൻ. പയ്യനാട് പിലാക്കൽ മേലേക്കളം റിജിൽജിത്തിനാണ് അനിയൻ റിനിൽജിത്ത് രക്ഷകനായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മുറിയിൽ കളിക്കുമ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ടേബിൾഫാനിന്റെ വയർ കാൽതട്ടി മുറിയുകയായിരുന്നു. മുറിഞ്ഞ വയറിന്റെ അറ്റം റിജിലിന്റെ ദേഹത്ത് പതിച്ചു. വയറിൽ നിന്നും വൈദ്യുതാഘാത മേൽക്കുകയും കുട്ടി അവശനിലയിലാവുകയും ചെയ്തു. എന്നാൽ ഈ രംഗം കണ്ട് പരിഭ്രാന്തനായെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത അനുജൻ റിനിൽ ജിത്ത് ജ്യേഷ്ഠനെ രക്ഷിക്കുകയായിരുന്നു.
ഉടൻ തന്നെ ജ്യേഷ്ഠനെ അനിയൻ കയറി പിടിച്ചു. ഇതോടെ ദൂരേക്ക് തെറിച്ചു വീണെങ്കിലും അനുജൻ സാഹസികമായി കൈകൊണ്ടുതന്നെ ഫാനിന്റെ പൊട്ടിയ വയർ തട്ടി മാറ്റി. ബഹളവും നിലവിളിയും കേട്ട് ബന്ധുക്കളും ഓടിയെത്തി. ഇതിനിടെ ബോധം നഷ്ടപ്പെട്ട സഹോദരന്റെ മുഖത്ത് റിനിൽ ജിത്ത് വെള്ളം തളിച്ചു. അതോടൊപ്പം നെഞ്ചിൽ കൈകൾ കൊണ്ട് അമർത്തി ശ്വാസം വീണ്ടെടുക്കാനുള്ള പ്രഥമ ശുശ്രൂഷയും അനുജൻ തന്നെ ചെയ്തുകൊണ്ടിരുന്നു. തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ചു. അപകട സമയത്തെ പെട്ടെന്നുള്ള ഇടപെടലാണ് ജ്യേഷ്ഠൻ രക്ഷപ്പെടാൻ കാരണമായത്. പയ്യനാട് പിലാക്കൽ മേലേക്കളം പ്രകാശ് -സുഷ ദമ്പതിമാരുടെ മക്കളാണിവർ. റിജിൽജിത്ത് മഞ്ചേരി ഗവ. ബോയ്സ് എച്ച്.എസ്.എസ്സിൽ എട്ടാംക്ലാസിലും റിനിൽജിത്ത് വടക്കാങ്ങര യു.പി. സ്‌കൂളിൽ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam