
പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ ദുരൂഹ ആവർത്തിച്ച് സഹോദരൻ അഖിൽ സജീവ്. ചുട്ടിപ്പാറ എസ് എം ഇ കോളേജ് ഓഫ് നഴ്സിംഗ് കോളേജ് അധികൃതരുടെ വാദത്തിൽ പൊരുത്തക്കേടുണ്ടെന്ന് കുടുബം ആരോപിച്ചു. അമ്മു ആത്മഹത്യ ചെയ്യില്ല. വീട്ടുകാർ ആവശ്യപ്പെട്ടത് അനുസരിച്ചല്ല തിരുവനന്തപുരത്തേക്ക് അമ്മുവിനെ കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന ആരോ തെറ്റിദ്ധരിപ്പിച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. അത് ഒപ്പമുളളവരാകാം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാലതാമസം ഉണ്ടായെന്നും സഹോദരൻ ആരോപിച്ചു.
പൊലീസിന്റെ വിശദമായ മൊഴി നൽകി. അമ്മുവിന്റെ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു. മരണത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകും. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും സഹോദരൻ വ്യക്തമാക്കി.
പത്തനംതിട്ട വെട്ടിപ്പുറത്തെ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്നങ്ങളെല്ലം തീർന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ നിലപാടും അമ്മുവിൻറെ കുടുംബം തള്ളി.
നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; അമ്മുവിന്‍റെ വീട്ടിലെത്തി മൊഴിയെടുത്ത് സര്‍വകലാശാല അന്വേഷണ സംഘം
ഹോസ്റ്റലിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ അമ്മു സജീവനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ സമയമെടുത്തതിനെയും കുടുംബം സംശയിക്കുകയാണ്. ചികിത്സ വൈകിയതും ചികിത്സാ നിഷേധവും ഉണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് ആരോഗ്യസര്‍വ്വകലാശാല വൈസ് ചാൻസിലര്‍ സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam