ശമ്പളം ലഭിച്ചിട്ട് ഏഴുമാസം; ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ സമരത്തില്‍

By Web TeamFirst Published Jul 24, 2019, 2:57 PM IST
Highlights

സംസ്ഥാനത്താകെയുള്ള എണ്ണായിരത്തോളം  ബിഎസ്എൻഎല്‍ കരാര്‍ ജീവനക്കാര്‍ക്കാണ് ഏഴുമാസമായി ശമ്പളം മുടങ്ങിക്കിടക്കുന്നത്. 

മലപ്പുറം: ശമ്പളക്കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സത്യഗ്രഹം 23 ദിവസം പിന്നിട്ടു. ഏഴ് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഏറെ ദുരിതത്തിലാണ് ഇവരുടെ ജീവിതം.
സംസ്ഥാനത്താകെയുള്ള എണ്ണായിരത്തോളം  ബിഎസ്എൻഎല്‍ കരാര്‍ ജീവനക്കാര്‍ക്കാണ് ഏഴുമാസമായി ശമ്പളം മുടങ്ങിക്കിടക്കുന്നത്. ദിവസവേതന അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. വെയിലത്തും മഴയിലുമൊക്കെയായി ജോലിചെയ്യുന്ന ഒരു തൊഴിലാളിക്ക് 422 രൂപയാണ് ദിവസവേതനമായി ലഭിക്കുക. പ്രതിമാസം ഇങ്ങനെ ലഭിക്കുക പരമാവധി പതിനായിരം രൂപയാണ്.

തൊഴിലാളി സംഘടനകളുമായി നേരത്തെയുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണയനുസരിച്ച് 422 രൂപയില്‍ നിന്ന് 635 രൂപയായി കൂലി വര്‍ദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതു പാലിക്കപെട്ടിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ബിഎസ്എൻഎല്‍ ഓഫീസുകള്‍ക്കുമുന്നില്‍ ‍ നടത്തിവരുന്ന സത്യഗ്രഹ സമരത്തിലും പരിഹാരമുണ്ടാകാതെ വന്നാല്‍ അറ്റകുറ്റപണികള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള സമരത്തിലേക്ക് പോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

അതേസമയം, ബിഎസ്എൻഎല്‍ കൃത്യമായി ഫണ്ട് നല്‍കാത്തതുകൊണ്ടാണ്  ശമ്പളം കുടിശ്ശികയായതെന്നാണ് തൊഴിലാളികളെ ജോലിക്ക് ചുമതലപ്പെടുത്തിയിട്ടുള്ള കമ്പനിയുടെ വിശദീകരണം.

click me!