വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി; നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു

By Web TeamFirst Published Nov 13, 2019, 9:23 PM IST
Highlights

റോഡിലൂടെ തലങ്ങും വിലങ്ങും വണ്ടികൾ ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവർമാർ ശ്രദ്ധിച്ചതിനാൽ അപകടമുണ്ടാകാതെ പോത്ത് രക്ഷപ്പെട്ടു.

അരൂർ: ദേശിയപാതയിലൂടെ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി. അരൂർ ബൈപ്പാസ് കവലയിൽ നിന്ന് കലി തുള്ളിയ പോത്ത് മൂന്ന് കിലോമീറ്റർ ദേശീയപാതയിലൂടെ ഓടി പൊലീസ് സ്റ്റേഷൻ അങ്കണത്തിലെത്തി. അരൂർ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പോത്തിനെ തളച്ചു. 

പരിഭ്രാന്തി പരത്തിയ പോത്ത് ദേശീയപാതയിലൂടെ ഓടിയത് ഏറെ തിരക്കുക്കുള്ള രാവിലെ ഒൻപത് മണി സമയത്താണ്. റോഡിലൂടെ തലങ്ങും വിലങ്ങും വണ്ടികൾ ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവർമാർ ശ്രദ്ധിച്ചതിനാൽ അപകടമുണ്ടാകാതെ പോത്ത് രക്ഷപ്പെട്ടു. ആദ്യം പൊലീസ് സ്റ്റേഷൻ പരിസരത്തും അതിനു ശേഷം പിൻഭാഗത്തുള്ള സർക്കാർ ആയുർവേദ ആശുപത്രിയിലും പോത്ത് എത്തി. ആശുപത്രിയുടെ ഗേറ്റ് അരൂർ പൊലീസ് പൂട്ടുകയും വാതലുകൾ അടക്കുകയും ചെയ്തതോടെ പോത്ത് ആശുപത്രി കോമ്പൗണ്ടിൽ കുടുങ്ങി. 

ഫയർസ്റ്റേഷനിൽ ഓഫീസർ പി വി പ്രേംനാഥിന്റെയും ലീഡിംഗ് ഫയർമാൻ ടി എം പവിത്രൻ അരൂർ പൊലീസും മറ്റ് രണ്ടുപേരും കൂടി എത്തി പോത്തിനെ തളച്ചു. തമിഴ്‌നാട്ടിൽ നിന്ന് അറുക്കുന്നതിനായി ലോറിയിൽ കൊണ്ടു പോയ പോത്ത് കയറ് പൊട്ടിച്ച് ലോറിയിൽ നിന്ന് ചാടിയതാകാമെന്ന് കരുതുന്നു. പൊലീസ് സ്റ്റേഷന്റെ പിൻഭാഗത്ത് കെട്ടിയിട്ടിരിക്കുകയാണ് പോത്തിനെ. ഉടമകൾ ആരും തന്നെ എത്തിയിട്ടില്ല. തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ കൊണ്ടുവരുന്ന മൃഗങ്ങളെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് കേരളത്തിലെത്തിക്കുന്നത്. ഇതിനുമുൻപും ഇതുപോലെ ലോറിയിൽ നിന്ന് ചാടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
 

click me!