
നിലമ്പൂർ: ജിതിനൊരു ബുള്ളറ്റ് പ്രേമിയാണ്. ചെറുപ്പം മുതൽ ഒപ്പം കൂടിയ ഈ ഇഷ്ടം നിലമ്പൂർ തേക്കിൽ തീർത്തതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി. കരുളായി സ്വദേശിയായ കണ്ടാലപ്പറ്റ ജിതിൻ 2017 മുതൽ 2019 ഡിസംബർ വരെയുള്ള രണ്ടര വർഷം കൊണ്ട് തേക്കിൽ തീർത്ത റോയൽ എൻഫീൽഡ് ബുള്ളറ്റിനാണ് അംഗീകാരം തേടിയെത്തിയത്. രണ്ട് മാസം മുമ്പാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിനായി ജിതിൻ മെയിൽ ചെയ്തത്. ഇതിനായി ജൂറി ആവശ്യപ്പെട്ട് വീഡിയോകളും ചിത്രങ്ങളും അയച്ച് കൊടുത്തിരുന്നു. 20 ദിവസം മുമ്പാണ് സെലക്ട് ചെയ്തുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സിന്റെ സാക്ഷ്യപത്രവും മെഡലും ഉൾപടെയുള്ളവ ജിതിന് ലഭിച്ചു.
ചെറുപ്പം മുതലെ ബുള്ളറ്റിനോടുള്ള ആരാധനയാണ് നിലമ്പൂരിന്റെ പേരിൽ ലോകപ്രശസ്തി നേടിയ നിലമ്പൂർ തേക്കിൽ ഒരു ബുള്ളറ്റ് നിർമ്മിക്കാമെന്ന ആശയത്തിലേക്കെത്തിച്ചത്. ഇലക്ട്രീഷ്യനായ ജിതിൻ ഒരു വർഷം മരത്തിൽ കൊത്തുപണിചെയ്യുന്ന ജോലി ചെയ്തിരുന്നു. ഈ അറിവ് വെച്ച് നിർമ്മാണം തുടങ്ങി. ആദ്യം നിർമ്മാണത്തിനായി വീട്ടുമുറ്റത്തുണ്ടായിരുന്ന ഒത്ത രണ്ട് തേക്കുമരങ്ങൾ വെട്ടി പരുവപ്പെടുത്തി. എന്നാൽ മരം തികയാതെ വന്നതോടെ വണ്ണം കൂടിയ മരകഷ്ണങ്ങൾ വിലകൊടുത്തും വാങ്ങി.
ജോലി കഴിഞ്ഞെത്തുന്ന സമയങ്ങളിലും ഒഴിവ് സമയങ്ങളിലുമായിരുന്നു തേക്ക് ബുള്ളറ്റിന്റെ നിർമ്മാണം. മരത്തിന്റെ ചിലവ് കൂടാതെ മരമില്ല്, പോളിഷിംങ്, ഫിറ്റിംങ് സാധനങ്ങൾ എന്നിവക്കായി എൺപതിനായിരത്തോളം രൂപയാണ് ചിലവ് വന്നത്. നിർമ്മാണം പൂർത്തീകരിച്ച ജിതിന് വൻ ഓഫറുകളുമായി പലയാളുകളുമെത്തിയെങ്കിലും ബുള്ളറ്റ് നൽകാൻ ജിതിൻ തയ്യാറായിട്ടില്ല. രാധാകൃഷ്ണൻ ഉഷ ദമ്പതികളുടെ മകനാണ് ജിതിൻ. ശിബിദയാണ് ഭാര്യ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam