
തൃശ്ശൂര്‍: കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരൻ ജയലധികൃതരെ വട്ടംകറക്കി. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ് എന്തോ കടത്താൻ ശ്രമിച്ചതായി എക്സറേയിൽ കണ്ടെത്തി. ഒടുവിൽ മൂന്നര മണിക്കൂർ ഡോക്ടർമാർ പണിപ്പെട്ട് ആ വിലപ്പിടിപ്പുള്ള വസ്തു പുറത്തെടുത്തു.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ പത്തനംതിട്ട തിരുവല്ല സ്വദേശി സൂരജിനെ ഇന്നലെ രാവിലെയാണ് ചാലക്കുടി കോടതിയിൽ കൊണ്ടു പോയത്. വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ട ഇയാൾ, മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് മാസത്തിലധികമായി ജയിലിൽ കഴിയുന്നത്.
കോടതിയിൽ നിന്നും തിരിച്ചെത്തിയ ശേഷം സൂരജ് അസ്വസ്ഥനായി കാണപ്പെട്ടു. അവശനായ ഇയാളെ ജയിലധികൃതർ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. എക്സ്റേ എടുത്തപ്പോൾ മലദ്വാരത്തിൽ എന്തോ തിരുകി കയറ്റിവച്ചതായി കണ്ടു. തുടർന്ന് സൂരജിനെ അടിയന്തിരമായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. മയക്കുമരുന്നോ മൊബൈൽ ഫോണോ ആണ് ഉള്ളിലെന്നായിരുന്നു എല്ലാവരുടെയും സംശയം.
മരുന്ന് നൽകി ഉള്ളിലുള്ള സാധനം പുറത്തുവരാൻ ജയിൽ ഉദ്യോഗസ്ഥർ കാത്തിരുന്നു. മൂന്ന് മണിക്കൂർ കാത്തിരിപ്പിനൊടുവിലാണ് സാധനം പുറത്തുവന്നത്. ഇൻസുലേഷൻ ടേപ്പ് ചുറ്റിപ്പൊതിഞ്ഞ നിലയിൽ ഒരു കെട്ട് ബീഡി ആയിരുന്നു ഇത്. നേരത്തെ മുന്നിൽ പോയ മറ്റൊരു തടവുകാരൻ മൊബൈൽ ഇതുപോലെെ കടത്തുകണ്ടാണ് താൻ ബീഡി മലദ്വാരത്തിൽ കടത്തിയതെന്നാണ് സൂരജിന്‍റെ മൊഴി. പ്രാഥമിക ചികിത്സക്ക് ശേഷം സൂരജിനെ ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി.
Read more: പഞ്ചായത്തിന്റെ സ്ഥലത്തെ പതിനായിരങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകൊണ്ടുപോകാൻ ശ്രമം, നാട്ടുകാര്‍ തടഞ്ഞു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam