കൺസഷനെച്ചൊല്ലി തർക്കം; എടപ്പാളിൽ ബസ് ജീവനക്കാർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു

By Web TeamFirst Published Aug 9, 2019, 11:22 AM IST
Highlights

മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊന്നാനി: കൺസഷനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് ജീവനക്കാരൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. എടപ്പാളിൽ  വ്യാഴാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ വിദ്യാർത്ഥിയെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊന്നാനി ബിയ്യം സ്വദേശിയും, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളേജ് ഡിഗ്രി വിദ്യാർത്ഥിയുമായ വലിയപറമ്പിൽ സനൂജിനെ (19)യാണ് പൊന്നാനി - പട്ടാമ്പി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ ക്രൂരമായി മർദ്ദിച്ചത്. കോളേജിലേക്ക് പോകാനായി ബിയ്യത്ത് നിന്നും ബസിൽ കയറിയ വിദ്യാർത്ഥി കൺസഷൻ കാർഡുൾപ്പെടെയുള്ള തുക നൽകിയെങ്കിലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ മുഴുവൻ തുകയും നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു.

എന്നാൽ പാലക്കാട് ജില്ലയിലെ കോളേജിലാണ് പഠിക്കുന്നതെന്നും അതിനാൽ കൺസഷൻ അനുവദിക്കണമെന്നും വിദ്യാർത്ഥി ആവശ്യപ്പെട്ടു. ഇതോടെ കണ്ടക്ടർ ക്ഷുഭിതനാവുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥി പറയുന്നത്. പിന്നീട് എടപ്പാളിലെത്തിയതോടെ നോട്ട് ബുക്ക് റോഡിലേക്ക് വീണപ്പോൾ ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടർ ബസിന് പുറത്തെത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസ് എടുത്തു.

"

click me!