പ്ലാസ്റ്റിക്കിനെ പടികടത്താൻ ഐഡിയതോണ്‍

By Web TeamFirst Published May 26, 2019, 9:48 AM IST
Highlights

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍,  പ്ലാസ്റ്റിക് മുക്ത പാക്കെജിങ്, ഫലപ്രദമായ പ്ലാസ്റ്റിക് മാലിന്യ ശേഖരണം, പ്ലാസ്റ്റിക് റീസൈക്ലിങ്, പരിസ്ഥിതി സൗഹാര്‍ദ പ്ലാസ്റ്റിക് ബദലുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അപ്പ്‌സൈക്ലിങ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുത്തു

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങളുണ്ടാക്കുന്ന സാമൂഹ്യ വിപത്തിനെതിരേ പരിഹാര നിർദ്ദേശങ്ങളുമായി "റീപ്ലേസ് പ്ലാസ്റ്റിക് ഐഡിയതോണ്‍'.  കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്‍റെയും ശുചിത്വമിഷന്‍റെയും സഹകരണത്തോടെ ആക്സിലറേറ്റ് എസ്ഡിയും ആസ്റ്റർ വളണ്ടിയേഴ്സും സംയുക്തമായാണ് ഹൈലൈറ്റ് മാളിൽ "റീപ്ലേസ് പ്ലാസ്റ്റിക് ഐഡിയതോണ്‍' എന്നപേരിൽ ശിൽപ്പശാല സംഘടിപ്പിച്ചത്.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍,  പ്ലാസ്റ്റിക് മുക്ത പാക്കെജിങ്, ഫലപ്രദമായ പ്ലാസ്റ്റിക് മാലിന്യ ശേഖരണം, പ്ലാസ്റ്റിക് റീസൈക്ലിങ്, പരിസ്ഥിതി സൗഹാര്‍ദ പ്ലാസ്റ്റിക് ബദലുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അപ്പ്‌സൈക്ലിങ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുത്തു. വിദ്യാര്‍ഥികൾ ഉൾപ്പെടെ 500 ഓളം പേര്‍  പങ്കെടുത്തു. ശിൽപ്പശാലയുടെ ഇന്നത്തെ സെഷനിൽ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനുള്ള വ്യത്യസ്തമായ ആശയങ്ങള്‍ പങ്കുവയ്ക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്.

വിദ്യാര്‍‌ഥികളും പ്രഗത്ഭരുമടക്കം നിരവധി പേര്‍ പങ്കെടുക്കുന്ന ഐഡിയത്തോണില്‍ പ്ലാസ്റ്റിക്കിനെതിരേ മികച്ച നൂതന ആശയം പങ്കുവയ്ക്കുന്ന ടീമിന് 10,000 രൂപയും രണ്ടാമത്തെ ടീമിന് 6,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 4,000 രൂപയും സമ്മാനമായി ലഭിക്കും. സമാപന സമ്മേളനം കോഴിക്കോട് ജില്ലാകലക്റ്റർ ശ്രീറാം സാംബശിവറാവു ഉദ്ഘാടനം ചെയ്യും. സമ്മാനവിതരണം ആസ്റ്റർ മിംസ് സിഇഒ ഡോ.സാന്‍റി സാജൻ നിർവഹിക്കും.

click me!