Latest Videos

പാലക്കാട് സ്വകാര്യ വ്യക്തി കയ്യേറിയത് 500 മീറ്റർ തോട്; അധികൃതർ തുടർ നടപടി എടുക്കുന്നില്ലെന്ന് പരാതി

By Web TeamFirst Published May 26, 2024, 12:32 PM IST
Highlights

കിഴക്കഞ്ചേരി പഞ്ചായത്തിലെ തിണ്ടില്ലം വെള്ളച്ചാട്ടത്തിന് താഴെ കൊന്നയ്ക്കൽ കടവിലാണ് തോട് വ്യാപകമായി കയ്യേറിയെന്ന പരാതി ഉയർന്നിരിക്കുന്നത്. 500 മീറ്റർ നീളത്തിലും 8 മീറ്റർ വീതിയിലുമാണ് കയ്യേറ്റം.

മണ്ണാർക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ സ്വകാര്യവ്യക്തി തോട് കയ്യേറിയെന്ന പരാതിയിൽ അധികൃതർ തുടർ നടപടി എടുക്കുന്നില്ലെന്ന് പരാതി. സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ വില്ലേജ് ഓഫീസർ താലൂക്ക് സർവേയറെ ചുമതലപ്പെടുത്തി നാല് മാസമായിട്ടും നടപടി ഉണ്ടായില്ല. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിക്ക് സമീപമാണ് സ്വകാര്യ വ്യക്തി 500 മീറ്റർ ദൂരത്തിൽ കല്ലൻതോട് കയ്യേറി വേലി കെട്ടിയിരിക്കുന്നത്.
 
കിഴക്കഞ്ചേരി പഞ്ചായത്തിലെ തിണ്ടില്ലം വെള്ളച്ചാട്ടത്തിന് താഴെ കൊന്നയ്ക്കൽ കടവിലാണ് തോട് വ്യാപകമായി കയ്യേറിയെന്ന പരാതി ഉയർന്നിരിക്കുന്നത്. 500 മീറ്റർ നീളത്തിലും 8 മീറ്റർ വീതിയിലുമാണ് കയ്യേറ്റം. നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും പരിശോധന നടത്തി. കാലവർഷക്കെടുതിയിൽ സർവ്വേ അടയാളങ്ങൾ നഷ്ടപ്പെട്ടു പോയതിനാൽ വീണ്ടും സർവ്വേ നടത്തണമെന്നാണ് വില്ലേജിൻറെ നിലപാട്. ഇതനുസരിച്ച് സർവ്വേ നടത്താൻ വില്ലേജ് ഓഫീസർ താലൂക്ക് സർവേയറുടെ സേവനം ആവശ്യപ്പെട്ട് തഹസീദാർക്ക് ഫെബ്രുവരി 12ന് കത്ത് നൽകി. 4 മാസമായിട്ടും ഇക്കാര്യത്തില് തുടർ നടപടി ഉണ്ടായില്ല.

എന്തു കൊണ്ട് സർവേ നടത്തുന്നില്ലെന്ന നാട്ടുകാരുടെ ചോദ്യത്തിന് അധികൃതർക്ക് കൃത്യമായ ഉത്തരവുമില്ല. മഴക്കാലത്ത് തിണ്ടില്ലം വെള്ളച്ചാട്ടത്തിലൂടെ കുത്തിയൊഴുകി എത്തുന്ന വെള്ളം തോടുകളിലൂടെയാണ് ഒഴുകുന്നത്. കയ്യേറ്റം വ്യാപകമായതോടെ വെള്ളം പറമ്പുകളിലൂടെ ഒഴുകി കൃഷിനാശം ഉണ്ടാകുന്നതായി കർഷകർ പറയുന്നു. തുടർ നടപടികൾക്കായി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയെന്നാണ് പഞ്ചയാത്ത് സെക്രട്ടറിയുടെ വിശദീകരണം. സർവേയറെ എത്തിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും കയ്യേറ്റം കണ്ടെത്തിയാൽ ഒഴിപ്പിക്കുമെന്നും പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. 

Read More :  സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്; റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും, ജാഗ്രത വേണം

click me!