
തിരുവല്ല: നാലരക്കോടി ചെലവിട്ട് വീണ്ടെടുത്ത തിരുവല്ലയിലെ കോലറയാർ അധികൃതരുടെ അനാസ്ഥയിൽ വീണ്ടും നാശത്തിന്‍റെ വക്കിൽ. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പമ്പയുടെ കൈവഴി കൂടിയായ കോലറയാർ ഒഴുക്ക് നിലച്ച മാലിന്യവാഹിനായി കിടക്കുകയാണ്. നാലര കോടി ചെലവിട്ട് നവീകരിച്ച കോലറയാറിന്‍റെ ഇന്നത്തെ കാഴ്ച അതീവ ദാരുണമാണ്.
പോളയും മാലിന്യങ്ങളും നിറഞ്ഞ് കോലറയാറിന്‍റെ ഒഴുക്ക് നിലച്ചു. വേനൽകാലത്ത് ഈ ജലാശയത്തിലെ വെള്ളമാണ് അപ്പർ കുട്ടനാടൻ പാടശേഖരങ്ങൾക്ക് ആശ്രയമാകേണ്ടത്. എന്നാൽ നീരൊഴുക്ക് നിലച്ചതോടെ, കർഷകരും ദുരിതത്തിലായി. കടപ്ര പഞ്ചായത്തിലെ ആലുംതുരുത്തിയിൽ നിന്നും തുടങ്ങി നിരണം പഞ്ചായത്തിലൂടെ ഒഴുകുന്ന പമ്പയുടെ കൈവഴിയാണ് കോലറയാർ. നാല് വർഷം മുൻപാണ് ഒഴുക്ക് നിലച്ച നദി വീണ്ടെടുത്തത്. എന്നാൽ തുടർപ്രവർത്തനങ്ങൾ ഇല്ലാതെ വന്നതോടെ പഴയപടിയായി.
പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ പാടശേഖരമുള്ള ഏരിയയാണ് നിരണം പഞ്ചായത്ത്. നെൽകൃഷിക്ക് ആവശ്യമുള്ള വെള്ളം എത്തുന്നില്ലെന്ന് നാട്ടുകാരൻ റെജി കടവിലേത്ത് പറഞ്ഞു. കാടുപിടിച്ച് കാക്കപോള പിടിച്ച് കിടക്കുകയാണ്. കോഴി വേസ്റ്റ് അടക്കമുള്ളവ ഇവിടെ നിക്ഷേപിച്ച് വെള്ളം ഒരുതരത്തിലും ഉപയോഗിക്കാനാവാത്ത വിധം മാലിനമായെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്ത് ഭരണസമിതികളും ഇറിഗേഷനും പരസ്പരം പഴിചാരി മാറിനിൽക്കുമ്പോൾ നദി നാശത്തിന്‍റെ വക്കിലാണ്. കോലറയാർ വീണ്ടെടുക്കാനുള്ള അടിയന്തര നടപടികളാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read More : സഹോദരിയെ ശല്യം ചെയ്തു, 2 വർഷത്തെ പക; 17കാരനെ മുളക് പൊടിയെറിഞ്ഞ് വെട്ടിയത് 10 തവണ, പട്ടാപ്പകൽ കൊലപാതകം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam