അച്ഛനില്ലാതെ ഒന്നിനും പറ്റില്ല, 'മെനിൻഗോ മൈലോസിലേ' അപൂർവ രോഗമുള്ള പ്രിയൻ, ശാസ്ത്രജ്ഞനായ അച്ഛന്‍റെ സ്ഥലംമാറ്റത്തിൽ മനംനൊന്ത് 16 കാരൻ

Published : Jul 02, 2025, 09:59 PM IST
priyan meningocele patient

Synopsis

അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത പ്രിയൻ എന്ന പതിനാറുകാരന് എല്ലാത്തിനും അച്ഛനെ ആശ്രയിക്കേണ്ടി വരും

തിരുവനന്തപുരം: ഉറങ്ങി എണീക്കുന്നത് മുതൽ രാത്രി തിരികെ കിടക്കയിലേക്ക് എത്തുന്നത് വരെ സർവതിനും അച്ഛനില്ലാതെ പറ്റാത്ത സ്ഥിതിയാണ് 16 വയസുകാരൻ പ്രിയന്. ജന്മനാ അരയ്ക്കുകീഴെ ചലനശേഷിയില്ലാത്ത, ലക്ഷത്തിൽ ഒരാൾക്കു മാത്രം വരുന്ന 'മെനിൻഗോ മൈലോസിലേ' എന്ന സ്പൈനൽ കോഡ് രോഗബാധിതനാണ് തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശിയായ പ്രിയൻ. ക്രൈസ്റ്റ്നഗർ സ്കൂളിലെ പ്ലസ്‌ വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ പ്രിയന്, സ്വന്തമായി നിൽക്കാനോ നടക്കാനോ സാധിക്കില്ല. സ്കൂളിൽ കൊണ്ടുവിടുന്നതും പ്രാഥമിക കൃത്യങ്ങൾ ചെയ്യിപ്പിക്കുന്നതുമെല്ലാം അച്ഛനാണ്. എന്നാൽ, വർഷങ്ങളായി തിരുവനന്തപുരത്തെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായ പിതാവിന് ജമ്മുവിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ പ്രിയനാകെ തളർന്ന അവസ്ഥയിലാണ്.

കുടുംബത്തെ വിട്ടുള്ള ആദ്യ സ്ഥലം മാറ്റം

ജന്മനായുള്ള ആരോഗ്യ പ്രശ്നങ്ങളെ ചെസ് കളിച്ചും ബാന്‍റ് വായിച്ചും ചിത്രം വരച്ചുമെല്ലാം അതിജീവിച്ചിരുന്ന പ്രിയന്, അച്ഛന്‍റെ സാമീപ്യമില്ലാത്തതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകുന്നില്ല. മകന്‍റെ എല്ലാ കാര്യങ്ങൾക്കും അച്ഛനാണ് ആശ്രയമെന്നതിനാൽ സ്ഥലം മാറ്റത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുയാണ് പിതാവ്. 2020 ൽ ജമ്മുവിൽ പത്തുവർഷത്തേക്ക് നടപ്പിലാക്കേണ്ട ഒരു പദ്ധതിയുടെ ചുമതലയുണ്ടായിരുന്നു ഇദ്ദേഹത്തിന്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സ്ഥാപനത്തിന് പദ്ധതിയുടെ പണം ലഭിക്കാൻ വൈകി. പദ്ധതിയുടെ ചുമതലക്കാരനായതിനാൽ ജമ്മുവിൽപോയി പ്രശ്നം പരിഹരിക്കണമെന്ന് കാട്ടി 2023 ൽ അവിടേക്ക് സ്ഥലംമാറ്റി. ഇരുപത് വർഷക്കാലം നീണ്ട സർവീസിൽ ആദ്യമായാണ് പിതാവിന് തിരുവനന്തപുരം വിട്ട് പോകേണ്ടി വരുന്നതെന്നതിനാൽ വിഷമത്തിലാണ് പ്രിയൻ.

എല്ലാത്തിനും ആശ്രയം അച്ഛൻ

പ്രിയനെ കുളിപ്പിച്ച്, ഭക്ഷണം നൽകി, സ്കൂളിൽ കൊണ്ടു വിടുന്നതും തിരിച്ച് വിളിച്ച് കൊണ്ടുവരുന്നതുമെല്ലാം പിതാവാണ്. യൂറിൻ നിയന്ത്രിക്കാനുള്ള കഴിവില്ലാത്തതിനാൽ എപ്പോഴും ഡയപ്പർ ഇടണം. അതിനാൽ അച്ഛൻ എപ്പോഴും കൂടെ വേണം. സംസ്ഥാന, ദേശീയതലങ്ങളിൽ ചെസ് മത്സരത്തിൽ പ്രിയൻ വിജയിച്ചിട്ടുണ്ട്. നന്നായി ചിത്രവും വരയ്ക്കും. സ്പീക്കർ എ എൻ ഷംസീറിന്‍റെ ചിത്രംവരച്ച് അനുമോദനം നേടിയിട്ടുണ്ട്. സ്കൂൾ ബാൻഡിലും അംഗമാണ്. കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാകണം, ചെസിൽ ചാമ്പ്യനും. ഇതൊക്കെയാണ് സ്വപ്നം. ഇതിനെല്ലാം കട്ടയ്ക്ക് കൂടെ നിൽക്കുന്ന അച്ഛനെ തന്‍റെ കൂടെ നിർത്തണമെന്നാണ് പ്രിയന് പറയാനുള്ളത്. എടുത്താണ് പ്രിയനെ ഓരോ സ്ഥലത്ത് നിന്നും മാറ്റുന്നത്. അമ്മയും വീട്ടിലുണ്ടെങ്കിലും മകനെ താങ്ങിയെടുത്ത് കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് പ്രിയൻ പറയുന്നു.

ഹൈക്കോടതി വിധി തുണയായി

ഭിന്നശേഷി കുട്ടികളുള്ള മാതാപിതാക്കളെ ദൂരെസ്ഥലത്തേക്ക് സ്ഥലംമാറ്റരുതെന്ന മാനദണ്ഡം പാലിക്കാതെയാണ് പിതാവിന്‍റെ സ്ഥലംമാറ്റമെന്നതിനാൽ ഹൈക്കോടതിയെ സമീപിച്ചു. ഭിന്നശേഷിക്കുട്ടികൾക്ക് മാനസിക, ശാരീരിക പിന്തുണ നൽകാൻ മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്ന് വിധിച്ച കോടതി, സ്ഥലംമാറ്റം റദ്ദാക്കി. എന്നാൽ, സ്ഥാപനം ശമ്പളം തടഞ്ഞുവച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയേയും സമീപിച്ചു. പ്രിയന്‍റെ അച്ഛൻ ജമ്മുവിൽ പോകാൻ തയ്യാറാണെന്നും ശമ്പളം ലഭിക്കാത്തത് മാത്രമാണ് പ്രശ്നമെന്നും ചൂണ്ടിക്കാട്ടി സ്ഥാപനം അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരെ റിവ്യൂ ഹർജി നൽകിയിരിക്കുകയാണ് പ്രിയന്‍റെ അച്ഛൻ. അവധിക്ക് ശേഷം കോടതി കേസ് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സുപ്രീംകോടതി കൈവിട്ടാൽ പ്രിയന്‍റെ അച്ഛന് സ്ഥലംമാറ്റപ്പെട്ട ജമ്മുകാശ്മീരിലെ ഓഫീസിലേക്ക് പോകേണ്ടിവരും. അത് പ്രിയന് സഹിക്കാനാവില്ല. അച്ഛനില്ലാതെ അനങ്ങാൻ പോലുമാവില്ല. അതിനാൽ, സുപ്രീംകോടതി വിധി എതിരാകല്ലേ എന്ന പ്രാർത്ഥനയിലാണ് 16 കാരൻ പ്രിയൻ. സ്ഥലം മാറ്റിയിട്ടും മകനെ വിട്ട് പോകാൻ കഴിയാതായതോടെ ശമ്പളമില്ലാത്ത സ്ഥിതിയിലാണ് പിതാവ്. കോടതി അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രിയനും കുടുംബവും മുന്നോട്ട് പോകുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ