കാപ്പാ കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി, മർദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ചു; ഗുണ്ടാ കുടിപ്പകയെന്ന് സംശയം

By Web TeamFirst Published Dec 1, 2022, 4:57 PM IST
Highlights

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടു കാറുകളിലായി വന്ന കർണൽ രാജിന്റെ സംഘം നിസാമുദ്ദീനെ കാറിനകത്തേക്ക് വലിച്ചിട്ട് കൊണ്ടുപോവുകയായിരുന്നു

തിരുവനന്തപുരം: കാപ്പാ കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നിസാമുദ്ദീൻ എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. നിലമേൽ സ്വദേശിയാണ് നിസാമുദ്ദീൻ. കിളിമാനൂർ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതികളായ കർണൽ രാജിന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഗുണ്ടാകുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. കിളിമാനൂർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടു കാറുകളിലായി വന്ന കർണൽ രാജിന്റെ സംഘം നിസാമുദ്ദീനെ കാറിനകത്തേക്ക് വലിച്ചിട്ട് കൊണ്ടുപോവുകയായിരുന്നു.

നിരവധി കേസുകളിൽ പ്രതിയായ നിസാമുദ്ദീന് കാപ്പാ നിയമ പ്രകാരം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് ഐജി വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് നിസാമുദ്ദീൻ കിളിമാനൂരിൽ എത്തിയത്. അങ്കമാലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം നിസാമുദ്ദീൻ ഇവിടുത്തെ ഒരു ജീവനക്കാരന്റെ ഫോൺ ഉപയോഗിച്ച് വിവരം ബന്ധുവിനെ അറിയിക്കുകയായിരുന്നു. ബന്ധു അറിയിച്ചത് പ്രകാരമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വാഹന വിൽപ്പനയുമായി ബന്ധപ്പെട്ടതായിരുന്നു ഇവർ തമ്മിലുള്ള തർക്കം എന്നാണ് വിവരം.

പൊലീസ് എത്തുന്നതിന് മുമ്പ് ആശുപത്രിയിൽ നിന്നും നിസാമുദ്ദീനെ ഗുണ്ടാസംഘം വീണ്ടും വാഹനത്തിൽ കയറ്റി കൊണ്ടുപോയി. നിസാമിനെ മർദ്ദിച്ചവശനാക്കിയ ശേഷം ചിത്രങ്ങള്‍ കർണൽ രാജ് മറ്റ് ഗുണ്ടാസംഘങ്ങള്‍ക്ക് അയച്ചു നൽകുകയും ചെയ്തു.  പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിസാമുദ്ദിനെ കുറിച്ചും പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കിളിമാനൂർ പൊലീസാണ് അന്വേഷിക്കുന്നത്. 

click me!