
കൽപ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യാത്രയയപ്പ് ദിനത്തിൽ സ്കൂൾമൈതാനത്ത് നടന്നത് റേസിങ് അഭ്യാസപ്രകടനങ്ങൾ. വിദ്യാർഥികളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ യാത്രയയപ്പ് ദിനത്തിൽ കുട്ടികൾ അപകടം വിളിച്ചുവരുത്തുന്ന തരത്തിൽ മൈതാനത്ത് പൊടിപാറിച്ചും കാറും ബൈക്കും കറക്കിത്തിരിച്ചും തമ്മിലിടിപ്പിക്കാൻ നോക്കിയും അഭ്യാസം നടത്തുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ ഇന്നലെ കല്പറ്റ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്കൂളിലെത്തി പരിശോധന നടത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം പരിശോധിക്കുന്നുണ്ട്. അതിവേഗത്തിലും അശ്രദ്ധമായും മനുഷ്യജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനമോടിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. സ്കൂളിനകത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ വിദ്യാർഥികൾക്കുനേരെ നടപടി സ്വീകരിക്കും. ഇവരുടെ ലൈസൻസ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും അറിയിച്ചു.
യാത്രയയപ്പ് പരിപാടികൾക്കിടെ മൂന്നു കാറിലും ഒരു ബൈക്കിലുമായെത്തിയ വിദ്യാർഥികൾ സ്കൂൾഗേറ്റ് തുറന്ന് വാഹനങ്ങൾ ഗ്രൗണ്ടിലേക്ക് കയറ്റി. പിന്നാലെ റേസിങ് അഭ്യാസങ്ങൾ നടത്തി. കാറിന്റെ ഡോറിലിരുന്നും കൈകൾ വിട്ടും ആഹ്ലാദ പ്രകടനം നടത്തി. വ്യാഴാഴ്ചയായിരുന്നു സ്കൂളിൽ യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. വിദ്യാർത്ഥികൾ അതിരുവിടാൻ സാധ്യതയുണ്ടെന്ന് കാണിച്ച് സ്കൂൾ അധികൃതർ നേരത്തെ തന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്ന് റോഡിൽ നടത്തിയ പരിശോധനയിൽ രണ്ട് വിദ്യാർത്ഥികൾ പിടിയിലാവുകയും ചെയ്തു.
കഴിഞ്ഞ ദിവസം സമാന സംഭവം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലും നടന്നിരുന്നു. അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തിൽപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. കാർ റേസിങ് നടത്തിയതിന് നാലായിരംരൂപ വീതം പിഴയും ഈടാക്കി. നടക്കാവ് പൊലീസിൽ ഇവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam