കാർ തല്ലിപ്പൊളിച്ചു, പക്ഷേ ഡാഷ് ക്യാമിലെ ദൃശ്യം ബാക്കിയായി; ഹൈവേ കൊള്ളസംഘത്തെ സഹായിച്ചയാള്‍ കുടുങ്ങി

Published : Nov 06, 2025, 09:29 PM IST
Kerala highway robbery arrest

Synopsis

വാഹനം തടഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി കവര്‍ച്ച നടത്തി വാഹനം തകര്‍ത്തതിന് ശേഷം ഉപേക്ഷിച്ച കേസില്‍ കൊള്ളസംഘത്തെ സഹായിച്ചയാള്‍ പിടിയില്‍.

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങക്കടുത്ത കല്ലൂര്‍ 67-ല്‍ വാഹനം തടഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി കവര്‍ച്ച നടത്തി വാഹനം തകര്‍ത്തതിന് ശേഷം ഉപേക്ഷിച്ചെന്ന കേസില്‍ കൊള്ളസംഘത്തെ സഹായിച്ചയാള്‍ പിടിയില്‍. പാടിച്ചിറ സീതാമൗണ്ട് സ്വദേശി രാജനെ (61)യാണ് ബത്തേരി പൊലീസ് പിടികൂടിയത്. തകര്‍ക്കപ്പെട്ട വാഹനത്തിലെ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാളെ വീട്ടിലെത്തിയാണ് പിടികൂടിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ തൊണ്ടിമുതൽ കണ്ടെത്തി. 

വാഹനം കവര്‍ച്ച ചെയ്യല്‍, തകര്‍ക്കല്‍, തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിപ്പിക്കല്‍ എന്നീ കാര്യങ്ങള്‍ക്കായി കുറ്റവാളി സംഘത്തിന് സഹായി ആയി നില്‍ക്കുകയായിരുന്നു രാജനെന്നാണ് പൊലീസ് കണ്ടെത്തല്‍. പൊളിച്ച് റോഡരികില്‍ ഉപേക്ഷിച്ച വാഹനത്തിന്‍റെ ഡാഷ് ബോര്‍ഡില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രാജന്‍റെ വീട്ടിലെത്തിയത്. 2010-ല്‍ നാടന്‍ തോക്ക് പിടിച്ച കേസിലും 2016-ല്‍ അളവില്‍ കൂടുതല്‍ മദ്യം പിടിച്ച കേസിലും പുല്‍പ്പള്ളി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

കൊള്ള സംഘം പിന്തുടർന്നത് കോഴിക്കോട് സ്വദേശിയെ

ഹൈവേയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ തടഞ്ഞ് പണവും സ്വര്‍ണവും വിലയേറിയ മുതലുകളും മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയത്. നവംബര്‍ നാലിന് രാത്രിയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയും ഡ്രൈവറും ബിസിനസ് ആവശ്യത്തിനായി ബെംഗളുരുവില്‍ പോയി തിരിച്ചു വരവെ കൊള്ള സംഘം പിന്തുടരുകയായിരുന്നു. കല്ലൂര്‍-67 പാലത്തിന് സമീപം വെച്ച് ഇന്നോവ വാഹനം തടഞ്ഞുനിര്‍ത്തി. ശേഷം ഹാമര്‍ കൊണ്ട് വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ് അടിച്ചു പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇരുവരെയും വാഹനത്തില്‍ നിന്ന് വലിച്ചിറക്കി പുറത്തിട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വാഹനത്തോടൊപ്പം ലാപ്ടോപ്പ്, ടാബ്, മൊബൈല്‍ഫോണ്‍, ബാഗുകള്‍ തുടങ്ങിയവയും കവരുകയായിരുന്നു.

വാഹനവും സാധന സാമഗ്രികളും നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശികള്‍ ബത്തേരി സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ വാഹനം പാടിച്ചിറ വില്ലേജിലെ തറപ്പത്തുകവലയിലെ റോഡരികില്‍ തല്ലിപൊളിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ പൂര്‍ണമായും തകര്‍ന്ന വാഹനത്തിന്റെ ഡാഷ് ക്യാമറയില്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് രാജനെ പിടികൂടി. പ്രതികള്‍ വാഹനം രാജന്‍റെ സീതാമൗണ്ടിലെ വീട്ടിലെത്തിച്ച് പണവും മറ്റു മുതലുകളും കണ്ടെത്തുന്നതിനായി പൊളിച്ചു പരിശോധിക്കുകയും ഉപേക്ഷിക്കുകയുമായിരുന്നു. 

രാജന്‍റെ വീട് പരിശോധിച്ചപ്പോള്‍ പരാതിക്കാരന്‍റെ ട്രോളി ബാഗും വസ്ത്രങ്ങളും വാഹന പാര്‍ട്സും കണ്ടെത്തി. സംഭവത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായര്‍, എസ്.ഐ രാംകുമാര്‍, എ.എസ്.ഐ ഗോപാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുസ്തഫ, പ്രജീഷ്, രജീഷ്, ഫിറോസ്, രവീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജോ, നിയാദ്, ഡോണിത്ത്, അനിത്ത്, അജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !