വിലയിടിഞ്ഞു, മുതല്‍ മുടക്ക് പോലും ലഭിക്കുന്നില്ല; കടുത്ത പ്രതിസന്ധിയില്‍ വയനാട്ടിലെ ഏലം കര്‍ഷകര്‍

By Web TeamFirst Published Jun 5, 2021, 1:52 PM IST
Highlights

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നല്ല വിളവ് ലഭിച്ചെങ്കിലും വിലയിടിയുകയായിരുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കയറ്റുമതിയെ ബാധിച്ചതോടെയാണ് വിലയിടിഞ്ഞതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

കല്‍പ്പറ്റ: വലിയ മുതല്‍മുടക്കുള്ള കൃഷിയാണ് ഏലം. അത് കൊണ്ട് തന്നെ വിളവിന് നല്ല വില ലഭിച്ചില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്ടമായിരിക്കും കര്‍കനുണ്ടാകുക. ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്നത് വയനാട്ടിലാണ്. പുല്‍പ്പള്ളി, മേപ്പാടി, മുപ്പൈനാട് പഞ്ചായത്തുകളില്‍ നിരവധി ഏലം കര്‍ഷകരാണുള്ളത്. കൊവിഡ് മഹാമാരിക്കാലത്ത് വിലയിടിവാണ് ഏലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി. കൊവിഡിന് മുമ്പ് 2200 രൂപവരെ കിലോഗ്രാമിന് വിലയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ലഭിക്കുന്നത് 800 രൂപയാണ്. രോഗങ്ങള്‍ കാരണം മരുന്നടിക്കാനും മറ്റും തൊഴിലാളികളെ കൂടുതല്‍ ആവശ്യം വന്ന കാലം കൂടിയാണിതെന്ന് കര്‍ഷകര്‍ പറയുന്നു. അതിനാല്‍ തന്നെ കിലോക്ക് 800 രൂപ ലഭിച്ചാല്‍ മുടക്ക് മുതല്‍ പോലും തിരിച്ച് കിട്ടാത്ത അവസ്ഥയാണ്. 

ഒന്നാംതരം ഏലക്കായ്ക്ക് മാത്രമെ 800 രൂപയെങ്കിലും ലഭിക്കൂ. ബാക്കിയുള്ളത് അതിലും കുറവ് വിലയ്ക്കാണ് വില്‍ക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്നു. ഇതോടെയാണ് കൂടുതല്‍ പേര്‍ ഏലകൃഷിയിലേക്കെത്തിയത്. നിലവില്‍ വയനാട്ടില്‍ അഞ്ഞൂറിനടുത്ത് പേര്‍ ഏലം കൃഷിചെയ്യുന്നതായാണ് കണക്ക്. മാത്രമല്ല ഇടനിലക്കാരെ ആശ്രയിച്ചാണ് ഇടുക്കിയിലെ വണ്ടന്‍മേട്ടിലുള്ള വിപണിയിലേക്ക് വയനാട്ടില്‍ നിന്ന് സാധനമെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2200 രൂപ ആദ്യഘട്ടത്തില്‍ ലഭിച്ച് കൊവിഡ് രൂക്ഷമാകുന്നതിന് മുമ്പ് വരെ നാലായിരം രൂപക്കടുത്തായിരുന്നു വില. മുന്‍കാലങ്ങളില്‍ 7000 രൂപ വരെ ലഭിച്ചിരുന്നുവെന്ന് കര്‍ഷകര്‍ ഓര്‍ത്തെടുക്കുന്നു. 

രണ്ട് വര്‍ഷങ്ങളിലായി ഉണ്ടായ പ്രളയം ഏലച്ചെടികളെ സാരമായി ബാധിച്ചു. ഇതോടെ മികച്ച വിളവും ഗുണമേറിയ കായ്കളും എന്നത് ഭാഗ്യം മാത്രമായി. എങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നല്ല വിളവ് ലഭിച്ചെങ്കിലും വിലയിടിയുകയായിരുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കയറ്റുമതിയെ ബാധിച്ചതോടെയാണ് വിലയിടിഞ്ഞതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം വയനാട്ടില്‍ ലേലകേന്ദ്രമുണ്ടായിരുന്നെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശ്വാസമാകുമായിരുന്നുവെന്നാണ് ഇവരുടെ പക്ഷം. ലോക്ഡൗണിന് ശേഷമെങ്കിലും വില ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!