മെഡിക്കൽ കോളെജിൽ 'കാത്ത് ലാബ്' കാത്ത് ഹൃദ്രോഗികൾ; തകരാറിലായിട്ട് 6 മാസം, വാങ്ങാൻ തീരുമാനമായിട്ടും നടപടിയില്ല

Published : Mar 20, 2025, 12:59 PM IST
മെഡിക്കൽ കോളെജിൽ 'കാത്ത് ലാബ്' കാത്ത് ഹൃദ്രോഗികൾ; തകരാറിലായിട്ട് 6 മാസം, വാങ്ങാൻ തീരുമാനമായിട്ടും നടപടിയില്ല

Synopsis

രണ്ട് മാസം മുമ്പ് പുതിയ കാത്ത് ലാബ് വാങ്ങുന്നതിനു തീരുമാനമായെങ്കിലും മറ്റു നടപടികളൊന്നും ആയില്ല. പുതിയത് സ്ഥാപിക്കാൻ കമ്പനി തയ്യാറാണെങ്കിലും അതു സ്ഥാപിക്കുന്നതിന് പഴയ കാത്ത് ലാബ് എടുത്ത് മാറ്റി നൽകേണ്ടതുണ്ട്.

തിരുവനന്തപുരം: പ്രതിദിനം നൂറുകണക്കിന് ഹൃദ്രോഗികളെത്തുന്ന മെഡിക്കൽ കോളെജിലെ കാത്ത് ലാബ് പണിമുടക്കിയിട്ട് മാസങ്ങൾ. രണ്ട് കാത്ത് ലാബുകളുള്ള തിരുവനന്തപുരം മെഡിക്കൽ കോളെജിൽ  ഒരെണ്ണം പ്രവർത്തന രഹിതമായിട്ട് ആറുമാസമായിട്ടും  അതു മാറ്റിസ്ഥാപിക്കാനോ പുതിയതു വാങ്ങാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.  

കെ.എച്ച്ആർഡബ്ല്യുഎസിന്റെ കീഴിലാണ് കാത്ത് ലാബ് പ്രവർത്തിക്കുന്നത്. പതിനെട്ടും ഇരുപതും ആൻജിയോപ്ലാസ്റ്റികളാണ് മെഡിക്കൽ കോളേജിൽ പ്രതിദിനം ചെയ്യേണ്ടിവരുന്നത്. ഒരാളിനു കുറഞ്ഞത് ഒരുമണിക്കൂർ ആവശ്യമാണ്. ഒരു മെഷിൻ തകരാറിലായതിനാൽ ഇതിൽ പകുതി പേർക്ക് മാത്രമേ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ സാധിക്കൂ. ഒപിയിൽ രോഗികളെ നോക്കുന്ന ഡോക്ടർ തന്നെ കാത്ത് ലാബും അറ്റൻഡ് ചെയ്യണമെന്നതിനാൽ രോഗികൾക്ക് കൂടുതൽ സമയമെടുക്കും. ബാക്കിയുള്ളവർക്ക് പിന്നീടുള്ള തീയ്യതി നൽകി മടക്കി അയക്കുകയാണ് ചെയ്യുന്നത്. പണം ഉള്ളവർ സമീപത്തെ സ്വകാര്യ ആശുപത്രികളെ സമീപിക്കും. അല്ലാത്തവർ ചിലപ്പോൾ രോഗം ഗുരുതരമായി മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥയിലാവും. 

രണ്ട് മാസം മുമ്പ് പുതിയ കാത്ത് ലാബ് വാങ്ങുന്നതിനു തീരുമാനമായെങ്കിലും മറ്റു നടപടികളൊന്നും ആയില്ല. പുതിയത് സ്ഥാപിക്കാൻ കമ്പനി തയ്യാറാണെങ്കിലും അതു സ്ഥാപിക്കുന്നതിന് പഴയ കാത്ത് ലാബ് എടുത്ത് മാറ്റി നൽകേണ്ടതുണ്ട്. സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഹൃദ്രോഗ ചികിത്സ നടത്താൻ അവസരം നിഷേധിക്കുകയാണെന്ന് രോഗികളും കുട്ടിരിപ്പുകാരും പറയുന്നു. അതേ സമയം വിഐപികൾക്ക് കാത്തുനിൽക്കേണ്ട കാര്യമില്ലന്നും പാവപ്പെട്ട രോഗികളെ പുറത്തു നിർത്തി പ്രമുഖർക്ക് ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങാതെ നടക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം