വൃദ്ധയുടെ സംസ്കാരം തടഞ്ഞ സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

By Web TeamFirst Published May 18, 2019, 5:12 PM IST
Highlights

സെമിത്തേരിയില്‍ നിന്ന് മലിനജലം എത്തുന്നെന്ന് ആരോപിച്ചാണ് സംസ്കാരം നാട്ടുകാര്‍ തടഞ്ഞത്. വൃദ്ധയുടെ മൃതദേഹം അഞ്ച് ദിവസമായി മോര്‍ച്ചറിയില്‍.

കൊല്ലം: കൊല്ലത്ത് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാൻ പരിസരവാസികള്‍ അനുവദിക്കാത്ത സംഭവത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് കമ്മീഷൻ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സമീപത്തെ മറ്റൊരു പള്ളിയില്‍ സംസ്കാരത്തിന് സൗകര്യം ഏര്‍പ്പാടാക്കാനുള്ള ജില്ലാ കളക്ടറുടെ നിർദ്ദേശവും നടപ്പായില്ല.

പൂത്തൂര്‍ തുരുത്തിക്കര ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുമ്പോള്‍ മലിനജലം കിണറുകളിലേക്ക് എത്തുമെന്നാണ് നാട്ടുകാരുടെ പരാതി. ഈ ഇടവകയിലെ അന്നമ്മ എന്ന വൃദ്ധയുടെ മരിച്ചിട്ട് ദിവസം അഞ്ചായിട്ടും മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചില്ല. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംസ്കാരം നടത്താതെ മൃതദേഹം ബന്ധുക്കള്‍ മോര്‍ച്ചറിയില്‍ വച്ചിരിക്കുകയാണ്.

അന്നമ്മയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കൊല്ലം കളക്ടര്‍ ഇരു കൂട്ടരെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. സെമിത്തേരിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് നാല് വര്‍ഷം മുമ്പ് അന്നത്തെ കളക്ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും പള്ളി അധികൃതര്‍ പാലിച്ചിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സംസ്കാരം നടത്താൻ അനുവദിക്കാനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ സംസ്കരിക്കാൻ പാടില്ലെന്ന ഹൈക്കോടതിയുടെ സ്റ്റേ നിലവിലുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാത്തതെന്നാണ് തുരുത്തിക്കര ജെറുസലേം മാര്‍ത്തോമ്മ പള്ളിയുടെ വിശദീകരണം. 

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ സ്ഥലം സന്ദര്‍ശിച്ചത്. അതേസമയം, മാര്‍ത്തോമസഭയുടെ കീഴിലുള്ള സമീപത്തെ ഇമാനുവല്‍ പള്ളിയില്‍ സംസ്കാരം നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടെങ്കിലും പള്ളി അധികൃതര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. സ്ഥല സൗകര്യം കുറവാണെന്നാണ് അവരുടെ നിലപാട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!