വിവാഹത്തിന് വിളിച്ചില്ലെന്ന പേരിൽ കല്യാണ മണ്ഡപത്തിൽ നടന്ന കൂട്ടയടി കേസ്, ഒളിവിലായിരുന്ന രണ്ടുപേർ പിടിയിൽ

By Web TeamFirst Published Nov 27, 2022, 6:32 PM IST
Highlights
കല്യാണമണ്ഡപത്തില്‍ ആക്രമണം നടത്തി ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് കല്യാണമണ്ഡപത്തില്‍ ആക്രമണം നടത്തി ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പേര്‍ പിടിയില്‍. കല്യാണം ക്ഷണിക്കാത്തതിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്റെ പിതാവിന് ബന്ധുക്കള്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തിലാണ് രണ്ട് പേര്‍ ബാലരാമപുരം പൊലീസ് പിടിയിലായത്. 

കേസിലെ ആറാം പ്രതി ആര്‍ സി സ്ട്രീറ്റ് തോട്ടത്തുവിളാകം ബാബാജി (24), ഏഴാം പ്രതി തോട്ടത്തുവിളാകം വീട്ടില്‍ ഷൈന്‍ലിദാസ് (18) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 12 ന് വിഴിഞ്ഞം റോഡില്‍ സെന്റ് സെബാസ്റ്റിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിരുന്ന് സത്ക്കാരത്തിനിടെയാണ് സംഘര്‍ഷം നടന്നത്. വിളിക്കാത്ത കല്യാണത്തിനെത്തിയ യുവാവ് വധുവിന്റെ അച്ഛന് 200 രൂപ നല്‍കി കല്യാണത്തിന് വിളിക്കാത്തത് മോശമായി പോയി എന്നറിയിച്ചാണ് പ്രശ്‌നത്തിന് തുടക്കം കുറിച്ചത്. 

വിളിക്കാത്ത കല്യാണത്തിനെത്തിയ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് മണ്ഡപത്തില്‍ തര്‍ക്കമായതോടെ ഇരുകൂട്ടരും തമ്മില്‍ വന്‍ അടിപിടിയാവുകയായിരുന്നു. വിവാഹം ക്ഷണിച്ചില്ലെന്ന കാരണത്താല്‍ വിഴിഞ്ഞം സ്വദേശിയായ ബന്ധു വധുവിന്റെ വീട്ടുകാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സംഘര്‍ഷമാവുകയും ചെയ്തു. 

സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ ഉപയോഗിച്ചും കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ നിന്നും കൂടുതല്‍ തെളിവെടുപ്പ് നടത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍ പേരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാവുമെന്നാണ് പൊലീസ് അറിയിച്ചു.

Read more:  സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാത്ത ഒമ്പത് വർഷം, സുനിതയുടെ കൊലപാതകത്തിൽ നിർണായകമായ ഡിഎൻഎ

ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പടെ 25 പേർക്ക് പരിക്കുണ്ട് എന്ന് പരാതിയുണ്ടായിരുന്ന. പരിക്ക് പറ്റിയവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയും ചെയ്തു. കുടുംബാംഗങ്ങൾ ആശുപത്രിയിൽ നിന്ന് മടങ്ങി എത്തിയതോടെ മുൻ നിശ്ചയിച്ച പ്രകാരം വിവാഹ ചടങ്ങുകൾ ഇതേ ഓഡിറ്റോറിയത്തിൽ തന്നെ നടന്നിരുന്നു. 

click me!