കുഞ്ഞിപ്പൂച്ചയെ രക്ഷിക്കാൻ കുട്ടികളോട് സഹായമഭ്യർഥിച്ച് തള്ളപ്പൂച്ച, ഒടുവിൽ ജീവൻ തിരിച്ചു കിട്ടി

By Web TeamFirst Published Sep 24, 2022, 9:42 AM IST
Highlights

അമ്മപ്പൂച്ച ഉച്ചത്തിൽ ബഹളമുണ്ടാക്കുകയും കുട്ടികളെ കണ്ട മാത്രയിൽ ഓടിവന്ന് മുട്ടിയുരുമ്മി അങ്ങോട്ട് ശ്രദ്ധ തിരിക്കുന്ന തരത്തിൽ ഓടി നടക്കുകയുമായിരുന്നു.

വേങ്ങര (മലപ്പുറം) : മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും കഥകളിലൂടെ മാത്രം വായിച്ചുകേട്ടതാവും നമ്മൾ. എന്നാൽ അതിനൊരു നേർക്കാഴ്ചക്കാണ് കഴിഞ്ഞ ദിവസം വേങ്ങര സാക്ഷിയായത്. അപകടത്തിൽപ്പെട്ട കുഞ്ഞിപ്പൂച്ചയെ രക്ഷിക്കാൻ അതിന്റെ അമ്മപ്പൂച്ച കരഞ്ഞുവിളിച്ച് ആളെക്കൂട്ടിയതോടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് നെയിം ബോർഡിനിടയിലൂടെ താഴേക്ക് വീണ് എ സി പി ഷീറ്റിനിടയിൽ കുടുങ്ങിയ പൂച്ചക്കുട്ടിയുടെ ജീവന് രക്ഷയായി. 

കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെ വേങ്ങര ടൗണിൽ കോ-ഓപറേറ്റീവ് കോളജിന് എതിർവശത്തെ കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിന് മുകളിൽ പ്രസവിച്ച് കിടന്ന പൂച്ചയുടെ കുട്ടികളിലൊന്നാണ് താഴെയുള്ള റെഡിമെയ്ഡ് സ്ഥാപനത്തിന്റെ നെയിം ബോർഡിനിടയിലെ ചുമർ മറച്ച എ സി പി ഷീറ്റിനിടയിലൂടെ താഴേക്ക് വീണത്. ചുറ്റും പെട്ടി രൂപത്തിൽ മറച്ചതിനാൽ ഇതിനകത്ത് പൂച്ച കുട്ടി കുടുങ്ങിയ വിവരം ആർക്കും അറിയാനും കഴിഞ്ഞിരുന്നില്ല. ആ സമയം തൊട്ടടുത്ത ടൗണിലെ ഫാറൂഖ് പള്ളിയിൽനിന്ന് ജുമുഅ നിസ്‌കാരം കഴിഞ്ഞ് വരുന്ന കുട്ടികളുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പെടുന്നത്. 

റെഡിമെയ്ഡ് സ്ഥാപനത്തിന് താഴെ പൂച്ചക്കുട്ടി വീണ് കിടക്കുന്ന സ്ഥലത്തിന്റെ ഒപ്പമിരുന്ന് അമ്മപ്പൂച്ച ഉച്ചത്തിൽ ബഹളമുണ്ടാക്കുകയും കുട്ടികളെ കണ്ട മാത്രയിൽ ഓടിവന്ന് മുട്ടിയുരുമ്മി അങ്ങോട്ട് ശ്രദ്ധ തിരിക്കുന്ന തരത്തിൽ ഓടി നടക്കുകയുമായിരുന്നു. ഇതേ തുടർന്ന് കുട്ടികൾ ചെന്ന് നോക്കിയപ്പോഴാണ് എ സി പി ഷീറ്റിനിടയിൽ നിന്ന് പൂച്ചക്കുട്ടിയുടെ കരച്ചിൽ കേൾക്കാനിടയായത്. തുടർന്ന് ഇവർ മുതിർന്നവരെ വിവരം ധരിപ്പിക്കുകയും ജുമുഅ കഴിഞ്ഞിറങ്ങിയ മാധ്യമ പ്രവർത്തകൻ ആബിദിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഷീറ്റിന്റെ താഴെയുള്ള ഭാഗം പൊളിച്ചുമാറ്റി പൂച്ചക്കുട്ടിയെ രക്ഷിക്കുകയായിരുന്നു.

tags
click me!