മുൻവൈരാഗ്യത്തിന്റെ പേരിൽ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മാന്നാർ സ്വദേശിയായ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും.
മാന്നാർ: മുൻവൈരാഗ്യത്തിന്റെ പേരിൽ സ്ത്രീയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. മാന്നാർ കുട്ടമ്പേരൂർ പ്ലാമൂട്ടിൽ വീട്ടിൽ ജിജിമോനെയാണ് (62) ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ വി എസ് ശിക്ഷിച്ചത്.
2022 മെയ് 13ന് പകൽ രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. കുട്ടമ്പേരൂർ ആറിന് മുകളിൽ കൂടി വെള്ളം പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള കനാലിന്റെ താഴെയുള്ള കോൺക്രീറ്റ് പ്ലാറ്റ്ഫോമിൽ വെച്ചായിരുന്നു പ്രതി സ്ത്രീയെ ആക്രമിച്ചത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ഹരോൾഡ് ജോർജാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് ഇൻസ്പെക്ടറായിരുന്ന ജി സുരേഷ് കുമാർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ദിവ്യ ഉണ്ണികൃഷ്ണൻ ഹാജരായി.


