
കോഴിക്കോട്: താമരശ്ശേരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ ലഹരി ഉല്‍പന്നങ്ങളുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. കൊടുവള്ളി ഉള്ളിയാടന്‍ കുന്നുമ്മല്‍ ഉമൈര്‍ഖാന്‍ (26), അടിവാരം നൂറാംതോട് വലിയവീട്ടില്‍ ആഷിഖ് (27), അടിവാരം നൂറാംതോട് മൂലക്കല്‍ തൊടി വീട്ടില്‍ സൗജല്‍ (28) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് 3.2 ഗ്രാം എം ഡി എം എ, ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പിന്നീട് നാട്ടിലെത്തിയ ശേഷം ലഹരി ഉപയോഗവും വില്‍പനയും ആരംഭിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
ഇടനിലക്കാര്‍ മുഖേന ബംഗളൂരുവില്‍ നിന്നാണ് ലഹരി ഉല്‍പന്നങ്ങള്‍ നാട്ടില്‍ എത്തിച്ചിരുന്നത്. നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി പ്രകാശന്‍ പടന്നയിലിന്റെ നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ രാജീവ് ബാബു, എ എസ് ഐ ജയരാജന്‍ പനങ്ങാട്, സീനിയര്‍ സി പി ഒ മാരായ ജിനീഷ്, രതീഷ്, അനസ്, താമരശ്ശേരി എ എസ് ഐ വിഷ്ണു, സുബിന്‍ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന വാർത്ത ചാലക്കുടിയിൽ 58 ഗ്രാം എം ഡി എം എയുമായി രണ്ട് യുവതികൾ പിടിയിലായി എന്നതാണ്. വൈക്കം സ്വദേശികളായ ശാലിനി, വിദ്യ എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നും കെ എസ് ആർ ടി സി ബസ് മാർഗമാണ് യുവതികൾ മയക്കുമരുന്ന് ചാലക്കുടിയിൽ എത്തിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ പിടിയിലായത്. ലഹരി മരുന്ന് വാങ്ങാനെത്തിയ കൈപ്പമംഗലം സ്വദേശികളായ മൂന്ന് യുവാക്കളും പിടിയിലായി. ചാലക്കുടി സ്റ്റാന്‍റിൽ എത്തിയ യുവതികളെ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്. യുവതികളിലൊരാളുടെ ബാഗിൽ നിന്നുമാണ് പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് കടത്തിയ എം ഡി എം എ പൊലീസ് പിടിച്ചെടുത്തത്. ആദ്യം തങ്ങളല്ല മയക്കുമരുന്ന് കടത്തിയതെന്ന് പറഞ്ഞ് കരഞ്ഞ യുവതികൾ പിന്നീട് കുറ്റം സമ്മതിച്ചു. എം ഡി എം എ എത്ര ഗ്രാം ഉണ്ട്, ആരാണ് തന്നത് എന്ന് അറിയില്ലെന്നാണ് യുവതികൾ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.