മാലിന്യം തള്ളാനെത്തുന്നവര്‍ കൈയ്യോടെ പെടും; എട്ടിന്‍റെ പണിയുമായി തൈക്കാട്ടുശ്ശേരി പഞ്ചായത്ത്

By Web TeamFirst Published Jan 8, 2020, 5:17 PM IST
Highlights

മുപ്പത് ലക്ഷം രൂപ ചെലവിൽ കെൽട്രോണിന്റെ മേൽനോട്ടത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പഞ്ചായത്ത് പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലായി എട്ട് ക്യാമറകള്‍ സ്ഥാപിക്കും.

ആലപ്പുഴ: വഴിയരികിൽ മാലിന്യം തള്ളുന്നവരെ കൈയ്യോടെ പിടികൂടാനൊരുങ്ങുകയാണ് തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി. വേസ്റ്റിടുന്നവരെ പിടികൂടാനായി നഗരസഭയില്‍ ക്യാമറ സ്ഥാപിക്കാനൊരുങ്ങുകയാണ് അധികൃതര്‍. മുപ്പത് ലക്ഷം രൂപ ചെലവിൽ കെൽട്രോണിന്റെ മേൽനോട്ടത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പഞ്ചായത്ത് പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലായി എട്ട് ക്യാമറകളാണ് സ്ഥാപിക്കുന്നത്. 

പുല്ലുകൾ വളർന്ന് നിൽക്കുന്ന പൂച്ചാക്കൽ അപ്രോച്ച് റോഡിന്റെ വശങ്ങളിലാണ് മാലിന്യ ശല്യം രൂക്ഷമായുള്ളത്. തെരുവ് നായ്ക്കളുടെ ശല്യവും ഈ പ്രദേശങ്ങളിൽ രൂക്ഷമാണ്. ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കാനുള്ള നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ടെന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് പറഞ്ഞു.  

പ്രധാന ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതോടെ ശുചിമുറി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളാനെത്തുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും സാധിക്കും. ഇരുട്ടിലും പ്രവർത്തിക്കുന്ന തരത്തിലുള്ള ക്യാമറയാണ് സ്ഥാപിക്കുന്നത്. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതോടെ ക്യാമറകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും.

click me!