
മലപ്പുറം: ദേശീയപാതയിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട തമിഴ്‌നാട് സ്വദേശി മരിച്ചത് കെ എസ് ആർ ടി സി ബസിടിച്ചാണെന്ന് കണ്ടെത്തി. തമിഴ്‌നാട് സേലം സ്വദേശിയും ചീക്കോട് താമസക്കാരനുമായ പടിഞ്ഞാറേൽ വീട്ടിൽ നടരാജ(63)നെയാണ് കഴിഞ്ഞ ഏഴാം തീയതി പുലർച്ചെ 5.40ന് ദേശീയപാതയിൽ വെന്നിയൂരിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പരിക്കേറ്റ് ചോര വാർന്ന് കിടക്കുകയായിരുന്ന നടരാജനെ ട്രോമാ കെയർ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പൊലീസ് അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കെ എസ് ആർ ടി സി ബസ് ഇടിച്ചതാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോയിലെ ബസാണ് അപകടം വരുത്തിയത്. പുലർച്ചെ 3.30നും നാലിനുമിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ബസ് നിർത്തി ജീവനക്കാരും യാത്രക്കാരും ഇറങ്ങി നോക്കിയതായും എന്നാൽ പരിക്ക് പറ്റിയ ആളെ കാണാത്തതിനാലാണ് ബസ് യാത്ര തിരിച്ചതെന്നുമാണ് ബസ് ജീവനക്കാർ പറയുന്നത്.
രണ്ട് മണിക്കൂറിലേറെ ഇയാൾ ചോര വാർന്ന് കിടന്നതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. ഡ്രൈവർ തലശ്ശേരി സ്വദേശി എം വി ഷാജിക്കെതിരെ കേസെടുക്കുകയും ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 30 വർഷമായി ചീക്കോട് സ്ഥിരതാമസക്കാരനായ നടരാജൻ ജോലി ആവശ്യാർഥം 35 വർഷങ്ങൾക്ക് മുമ്പാണ് കേരളത്തിലെത്തിയത്.
സൈക്കിൾ യാത്രക്കിടെ അപകടം, റിട്ട. പ്രധാനാധ്യാപകൻ മരിച്ചു
പാലക്കാട്: സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ മരിച്ചു. കുഴൽമന്ദ്ം കണ്ണാടി ഹയർസെക്കന്ററി സ്കൂളിലെ പ്രധാനധ്യാപകനായിരുന്ന കെ നന്ദകുമാറാണ് മരിച്ചത്. നന്ദകുമാറിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല. 58 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തെ പാലത്തിൽ വച്ചാണ് നന്ദകുമാറിനെ അജ്ഞാത വാഹനം ഇടിച്ചത്. പരിക്കേറ്റ് റോഡിൽ കിടന്ന നന്ദകുമാറിനെ അതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് ആശുപത്രിയിലെത്തിച്ചത്. പാലത്തിന്റെ കൈവരിയിൽ തട്ടി തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകടം നടന്നതിന് പിന്നാലെ നന്ദകുമാർ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. എന്നാൽ അൽപ്പസമത്തിനുള്ളിൽ അബോധാവസ്ഥയിലായി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുത്തു. കിണാശേരിയിലെ നന്ദകുമാറിന്റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം സംസ്കരിച്ചു. കൊല്ലങ്കോട് പികെഡി യുപി സ്കൂൾ അധ്യാപിക അനുപമയാണ് ഭാര്യ. അജയ്, ഐശ്വര്യ എന്നിവർ മക്കളാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam