
കാസർകോട്: ഞായറാഴ്ച രാവിലെ ഉണ്ടായ അതിശക്തമായ കാറ്റിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ ആൽമരം കടപുഴകി വീണു. ചെമ്മനാട് ചളിയംകോട് പള്ളിപ്പുറം റോഡരികിലെ ആൽമരമാണ് കടപുഴകി റോട്ടിലേക്ക് വീണത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന പാതയിലേക്കാണ് മരം വീണത്. ഒരുപാട് വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്. ആൽമരത്തിന് സമീപത്ത് വീടുകൾ ഉണ്ടെങ്കിലും ആളപായമുണ്ടായില്ല. തലനാരിഴക്ക് ഒഴിവായത് വലിയ അപകടമാണ്. വൈദ്യുതി ലൈനും ഇതുവഴി കടന്നു പോകുന്നുണ്ടെങ്കിലും മരം വൈദ്യുതി ലൈനിലേക്ക് വീഴാതിരുന്നതിനാലും രക്ഷയായി.
മരം റോട്ടിൽ വീണതോടെ ഈ വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. കൂറ്റൻ മരം റോട്ടിൽ വീണതോടെ നാട്ടുകാർ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഇതെത്തുടർന്ന് സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സണ്ണി ഇമ്മാനുവെലിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനം എത്തി മരം മുറിച്ചുമാറ്റുകയായിരുന്നു. അങ്ങനെ ഗതാഗതം പുനസ്ഥാപിച്ചു. സേനാഗംങ്ങളായ എം. രമേശ്, ഒ. കെ. പ്രജിത്ത്, എസ് സാദ്ദിഖ്, ജിത്തു തോമസ്, ടി. അമൽരാജ്, ഹോംഗാ ഡുമാരായ എ രാജേന്ദ്രൻ, എം.കെ. ഷൈലേഷ്, കെ.വി. ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു.