
തൃശ്ശൂർ: ചാമക്കാല ശ്രീനാഥ് കൊലപാതകക്കേസിലെ പ്രതി 22 വർഷത്തിന് ശേഷം അറസ്റ്റിൽ. കയ്പമംഗലം കൂരിക്കുഴി സ്വദേശി പാണ്ടികപറമ്പിൽ വീട്ടിൽ അജി എന്നറിയപ്പെടുന്ന അജയനെ(45)യാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്തത്. ചാമക്കാല സ്വദേശി ശ്രീനാഥിനെ (22) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അജയനെ ബാഗ്ലൂർ വിമാനത്താവളത്തിൽ നിന്നുമാണ് പോലീസ് അറസ്‌റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. തീരദേശത്തെ നടുക്കിയ നടുക്കിയ ഗുണ്ടാ ആക്രമണങ്ങളിൽ ഒന്നായിരുന്നു ശ്രീനാഥ് കൊലക്കേസ്.
ശ്രീനാഥും സുഹൃത്തും ചേർന്നു റെജിയെ മർദിച്ചെന്നു ആരോപിച്ചാണ് 2003 ഡിസംബർ 19ന് ചാമക്കാല ഹൈസ്കൂൾ പരിസരത്തു വച്ചു ശ്രീനാഥിനെ ആക്രമിക്കുന്നത്. ഏഴംഗ ഗുണ്ടാ സംഘം ക്രൂരമായ മർദ്ദനത്തിനു ശേഷം വടിവാൾ കൊണ്ടു വെട്ടി പരിക്കേൽപിച്ച ശേഷം എടുത്ത് കൊണ്ട് പോയി സമീപത്തെ തോട്ടിൽ മുക്കിക്കൊല്ലുകയായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള കൂരിക്കുഴി ഷിജിൽ ഉൾപ്പെടെയുള്ള സംഘത്തിലെ ആറു പേരെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതി റെജിയെ 2023 ൽ കോയമ്പത്തൂരിലെ രാമനാഥപുരത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അജയനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവിലുള്ള പ്രതികളെ പിടികൂടാനുള്ള നടപടികളുടെ ഭാഗമായി അജയനെതിരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ റീപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അജയൻ ദുബായിൽ നിന്നും രഹസ്യമായി ബാഗ്ലൂർ കെമ്പഗൗഡ വിമാനത്താളവളത്തിൽ വന്നിറങ്ങിയപ്പോൾ എയർപോർട്ട് അധികൃതർ ലുക്ക് ഔട്ട് സർക്കുലർ പ്രകാരം തടഞ്ഞ് വയ്ക്കുകയായിരുന്നു. തുടർന്ന് ബാഗ്ലൂരിൽ ചെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് സംഘം അജയനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam