
കോട്ടയം: അപ്രതീക്ഷിതമായുണ്ടാകുന്ന കാലവസ്ഥാ മാറ്റം കൈതച്ചക്ക കർഷകരെ ആകെ വലയ്ക്കുന്നു. വെയിലും മഴയും മാറി മാറി വരുന്നതോടെ വ്യാപകമായി കൃഷി നശിക്കുകയാണ്. കോട്ടയം കൂരോപ്പടയിൽ പാകമായ കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ.
ലാക്കാട്ടൂർ സ്വദേശി മാത്യു കെ ജോർജിന്റെ തോട്ടത്തിൽ കണ്ണെത്താ ദൂരത്ത് നിറയെ കൈതച്ചെടികൾ. പക്ഷെ കാണുന്ന ചന്തമൊന്നും വിളയുന്ന പഴങ്ങൾക്കില്ല. ചിലത് വെയിലത്ത് കരിഞ്ഞിണുങ്ങി. ബാക്കിയുളളവ വെള്ളത്തിൽ ചീഞ്ഞുപോയി. പറിച്ചെടുത്ത പഴങ്ങൾ ഒന്നിനും കൊള്ളാതെ തോട്ടത്തിന്റെ ഒരറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കർഷകന്റെ കഠിനാധ്വാനവും പ്രതീക്ഷകളുമാണിങ്ങനെ നെടുകെ പിളർന്ന് പോയത്.
കോട്ടയത്തെ കിഴക്കൻ മേഖലയിൽ ഏക്കറുകണക്കിന് പൈനാപ്പിൾ കൃഷിയാണ് നശിച്ചത്. ടൺ കണക്കിന് പാകമായ പൈനാപ്പിൾ പലയിടത്തും കൂട്ടിയിട്ടിരിക്കുന്നു. തൊഴിലാളികളുടെ കൂലി, പാട്ടത്തുക, വളവും കീടനാശിനിയും തുടങ്ങിയ വലിയ ചെലവും പ്രതിസന്ധികളും നേരിടുന്നതിനിടെയാണ് കർഷകന് ഇരട്ടി പ്രഹരമായിരിക്കുന്നത്. നാശനഷ്ടത്തിന് സർക്കാരിന്റെ ആശ്വാസ പദ്ധതികളുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam