
ചേർത്തല: ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള കാന നിർമാണത്തിനായി നഗരസഭാ റോഡ് മുറിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്തതിനെത്തുടർന്ന് നഗരസഭ 14-ാം വാർഡിലെ ഇരുപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ചേർത്തല പൊലീസ് സ്റ്റേഷന് വടക്കുഭാഗത്താണ് ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഈ ദുരവസ്ഥ. ചേർത്തല നഗരത്തിൽനിന്നു തുടങ്ങി 14-ാം വാർഡിലൂടെ കടന്ന് ദേശീയപാതയിൽ ചേരുന്ന പ്രധാന നഗരസഭാ റോഡാണ് പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള കാനയ്ക്കായി പൂർണമായും പൊളിച്ചിട്ടത്.
മഴക്കാലത്ത് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കി വെള്ളം എ എസ് കനാലിലേക്ക് ഒഴുക്കിവിടാനാണ് കാന നിർമിക്കുന്നത്. ഒരു വർഷം മുൻപ് കാനയ്ക്കായി ആഴത്തിൽ കുഴിയെടുത്ത് ഇരുവശങ്ങളിലും കോൺക്രീറ്റ് ഭിത്തി കെട്ടിയതോടെ പണി നിലച്ചു. സ്ലാബ് ഇടുകയോ റോഡ് പൂർവസ്ഥിതിയിലാക്കുകയോ ചെയ്യാത്തതിനാൽ വീടുകളിൽനിന്ന് ദേശീയപാതയിലേക്ക് കടക്കാൻ പോലും വഴിയില്ലാതായി. രോഗികളെ പുറത്തേക്കു കൊണ്ടുപോകാൻ ഓട്ടോറിക്ഷകൾക്കു പോലും എത്താനാകുന്നില്ല. ഒറ്റപ്പെട്ട മഴ പെയ്താൽപ്പോലും കാനയ്ക്കായി കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞ് സമീപത്തെ വീടുകളിലേക്ക് ഇരച്ചുകയറുകയാണ്. നഗരസഭ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെള്ളം കോരിക്കളഞ്ഞ് താൽക്കാലിക പരിഹാരം കാണുക മാത്രമാണ് ചെയ്യുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കാനയ്ക്കായി കുഴിയെടുത്തതോടെ റോഡരികിലെ 11 കെ വി വൈദ്യുത ലൈനിന്റെ നാല് പോസ്റ്റുകൾ അപകടാവസ്ഥയിലായി. പോസ്റ്റുകളുടെ അടിഭാഗത്തെ മണ്ണ് പൂർണമായും ഒലിച്ചുപോയതിനാൽ കാറ്റും മഴയും വന്നാൽ ഇവ കടപുഴകി വീണ് വൻ അപകടമുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. കാനയുടെ പണി കഴിഞ്ഞാൽ മാത്രമേ റോഡ് ശരിയാകൂ എന്നാണ് ജനപ്രതിനിധികളുടെ വിശദീകരണം. അടിയന്തരമായി നിർമാണം പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം നഗരസഭയ്ക്ക് മുന്നിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam