ഓണാട്ടുകര ഉത്സവ ലഹരിയിൽ; ചെട്ടികുളങ്ങര കുംഭഭരണി നാലിന്, കെട്ടുകാഴ്ചയും കുത്തിയോട്ടവും കാണാൻ പതിനായിരങ്ങളെത്തും

Published : Mar 02, 2025, 10:20 PM ISTUpdated : Mar 02, 2025, 10:22 PM IST
ഓണാട്ടുകര ഉത്സവ ലഹരിയിൽ; ചെട്ടികുളങ്ങര കുംഭഭരണി നാലിന്, കെട്ടുകാഴ്ചയും കുത്തിയോട്ടവും കാണാൻ പതിനായിരങ്ങളെത്തും

Synopsis

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ആലപ്പുഴ: ആചാര പെരുമ കൊണ്ട് പ്രശസ്തമായ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഓണാട്ടുകരക്കാർ. 13 കരകളിലെ ഭക്തജനങ്ങൾ അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകൾ ഭരണി ദിവസമായ മാർച്ച് 4 ന് കാഴ്ചകണ്ടത്തിൽ അണിനിരക്കുമ്പോൾ ആവേശം ഉച്ചസ്ഥായിയിലെത്തും. കൂടാതെ കുത്തിയോട്ട ചുവടുകൾ കാണാനും കുത്തിയോട്ട പാട്ട് കേൾക്കാനും പതിനായിരങ്ങൾ ചൊവ്വാഴ്ച ചെട്ടികുളങ്ങരയിലേക്ക് ഒഴുകിയെത്തും.

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കുത്തിയോട്ടം. ശിവരാത്രി ദിനം രാത്രി മുതലാണ് ഈ അനുഷ്ഠാനം ആരംഭിക്കുന്നത്. വഴിപാടുകാരുടെ വീടുകളിലാണ് അനുഷ്ഠാന കല കൂടിയായ കുത്തിയോട്ടം അരങ്ങേറുന്നത് എന്ന പ്രത്യേകതയുമുണ്ട്. കുംഭഭരണി ആഘോഷങ്ങളിലെ മറ്റൊരു പ്രധാന ആകർഷണമാണ് കുതിരമൂട്ടിൽ കഞ്ഞി. കെട്ടുകാഴ്ച നിർമ്മാണം തുടങ്ങിയ ശിവരാത്രി നാൾ മുതൽ കുതിരമൂട്ടിൽ കഞ്ഞി വിതരണം തുടങ്ങി. മുതിര, പുഴുക്ക് അസ്ത്രം, കടുമാങ്ങ, പപ്പടം, അവിൽ, പഴം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്കൊപ്പം വിളമ്പുന്നത്. കഞ്ഞികുടിയ്ക്കാൻ പഴയകാലത്തെ ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്. ഓലക്കാലുകൊണ്ട് വൃത്താകൃതിയിൽ ഉണ്ടാക്കുന്ന തടയിൽ തൂശനില വെച്ചാണ് ചൂട് കഞ്ഞി വിളമ്പുന്നത്.

ഓണാട്ടുകരയിലെ വീടുകളിൽ കുംഭ ഭരണി ദിവസം ഉച്ചയൂണിന് പ്രധാന വിഭവം കൊഞ്ചും മാങ്ങയുമാണ്. കുംഭ ഭരണിയും കൊഞ്ചും മാങ്ങയും തമ്മിലുളള ബന്ധത്തിന് പിന്നിൽ കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. കൊഞ്ചും മാങ്ങയും ചേർത്തുളള കറി പാചകം ചെയ്ത് കൊണ്ടിരുന്ന ഒരു വീട്ടമ്മ കറി കരിയാതെ നോക്കണമെന്ന് ദേവിയോട് പ്രാർത്ഥിച്ച ശേഷം കുത്തിയോട്ട ഘോഷയാത്ര കാണാൻ പോയി. കുത്തിയോട്ട വരവ് കണ്ടുനിന്ന് അടുപ്പത്തിരുന്ന കറിയുടെ കാര്യം മറന്ന വീട്ടമ്മ നേരമേറെക്കഴിഞ്ഞപ്പോൾ കറി കരിഞ്ഞുകാണുമെന്ന് ഭയന്ന് വീട്ടിലെത്തി നോക്കിയപ്പോൾ കൊഞ്ചും മാങ്ങാക്കറി പാകമായിരിക്കുന്നതാണ് കണ്ടത്. ഈ സംഭവം നാട്ടിലാകെ പ്രചരിച്ചതോടെ കൊഞ്ചും മാങ്ങയും ചെട്ടികുളങ്ങരയിലെ ഇഷ്ടവിഭവമായി. 

7 വയസുകാരായ ബാരിഷിന്‍റെയും ഫിന്‍സയുടെയും സന്ദര്‍ഭോചിത ഇടപെടൽ, 63കാരിയുടെ സാഹസികത; 4 വയസുകാരന് പുതുജന്മം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്