നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും മലിനജലം കെട്ടിക്കിടന്നതുമാണ് അപകടകാരണമെന്ന് പോലീസ് കണ്ടെത്തി. 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. പുനംകുടിയില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ കുളത്തില്‍ മലയിൻകാവ് സ്വദേശി മുഹമ്മദ് നിയാസ് (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് പരിശോധന നടത്തിയത്. 

കുളത്തില്‍ പരിധിയില്‍ അധികം വെള്ളമുണ്ടെന്ന് പൊലീസ് കണ്ടെത്തി. മതിയായ സുരക്ഷാ സംവിധാനമില്ലാത്തതാണ് അപകട കാരണമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. വെള്ളറട പൊലീസ് സംഘം കുളത്തില്‍ നിന്ന് വെള്ളം ശേഖരിക്കുകയും വിശദമായ തെളിവെടുപ്പ് നടത്തുകയും ചെയ്തു. ശുദ്ധമായ വെള്ളം നിറയ്ക്കണമെന്നാണ് നിർദേശമെങ്കിലും മൂന്ന് മാസം മുമ്പ് ഉദ്ഘാടനം നടത്തിയ നീന്തല്‍ കുളത്തില്‍ അന്ന് നിറച്ച വെള്ളമാണ് ഇപ്പോഴും കിടക്കുന്നത്. മലിനജലം നിറഞ്ഞ് ആമ്പല്‍ വള്ളി കാടുകയറി കിടന്നതാണ് അപകട കാരണം. 

കുളത്തിന്‍റെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാർ പലതവണ അധികൃതരോട് പരാതി പറഞ്ഞിരുന്നു. വൈദ്യുതി ബന്ധമില്ലാത്തതും വെള്ളം നിറയ്ക്കാൻ വെല്ലുവിളിയാണ്. ആമ്പല്‍ ചെടികളുടെ വള്ളികള്‍ നിറഞ്ഞ ഈ കുളത്തില്‍ നിരവധി അപകടങ്ങളാണ് ഇതിനുമുമ്പ് ഉണ്ടായിട്ടുള്ളത്. കുളത്തിന്‍റെ ഒരുവശത്ത് ടൈല്‍സ് പാകിയതിനാല്‍ അവിടെയെത്തുന്നവര്‍ വഴുതിവീഴാന്‍ കാരണമാകുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. 

ഉണ്ടന്‍കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ നിയാസ് സഹോദരന്‍ ഫയാസിനും സുഹൃത്ത് അബിക്കുമൊപ്പമാണ് ശനിയാഴ്ച കുളിക്കാന്‍ എത്തിയത്. നിയാസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ നിലവിളിക്കുന്നത് കേട്ട് നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിച്ചു.