
കല്‍പ്പറ്റ: ഏറ്റവും കൂടുതല്‍ ഇറച്ചിക്കോഴി ഉല്‍പ്പാദിപ്പിക്കുന്ന തമിഴ്‌നാടിനോട് തൊട്ട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായിട്ടും വയനാട്ടില്‍ കോഴിയിറച്ചിക്ക് പൊള്ളുംവിലയെന്ന് വ്യാപകമായ പരാതി. ഉയര്‍ന്ന വില കാരണം മത്സ്യം വാങ്ങാന്‍ ഗതിയില്ലാത്ത സാധാരണക്കാരാണ് ജില്ലയിലേറെയും. കോഴിക്കോട്, മലപ്പുറം ജില്ലകളെ അപേക്ഷിച്ച് ഇരട്ടി വിലയാണ് മത്സ്യത്തിന് വയനാട്ടില്‍ നല്‍കേണ്ടത്. ഇത് കാരണം വിശേഷ ദിവസങ്ങളടക്കം കര്‍ഷക തൊഴിലാളികളും മറ്റും കോഴിയിറച്ചിയാണ് വാങ്ങുന്നത്.
എന്നാല്‍ ജി.എസ്.ടി നടപ്പായതിന് ശേഷം പോലും ഉയര്‍ന്ന വിലയാണ് കോഴികച്ചവടക്കാര്‍ ഈടാക്കുന്നതെന്നാണ് പരാതി. മാനന്തവാടി താലൂക്കിലെ കടകളില്‍ ഇറച്ചിക്ക് പല വിലയാണ് വാങ്ങുന്നത്. 170 രൂപ മുതല്‍ 180 രൂപ വരെയാണ് ഇവിടെ ഈടാക്കുന്നത്. ഇത് അമിത നിരക്കാണത്രേ. സുല്‍ത്താന്‍ബത്തേരി താലൂക്കിലും സ്ഥിതി മറിച്ചല്ല. ചില കടകളില്‍ 140 രൂപക്ക് വില്‍ക്കുമ്പോഴും മറ്റിടങ്ങളില്‍ അമിത നിരക്ക് വാങ്ങിക്കുന്നുണ്ട്. മൂലങ്കാവില്‍ 140 രൂപക്ക് ഒരു കിലോ കോഴിയിറച്ചി ലഭിക്കുന്നുണ്ട്.
ഇത് അമിത നിരക്കല്ലെന്ന് ഉപഭോക്താക്കള്‍ തന്നെ പറയുന്നു. എന്നാല്‍ നാല് കിലോമീറ്റര്‍ മാറി കല്ലൂര്‍ ടൗണില്‍ കോഴിയിറച്ചി വിലയില്‍ വലിയ കുറവുണ്ടാകാറുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സുല്‍ത്താന്‍ബത്തേരി ടൗണില്‍ മാര്‍ക്കറ്റിലെ കടകളില്‍ ഏറെക്കുറെ നിരക്ക് ഏകീകരിച്ചാണ് വില്‍പ്പന. എല്ലാ ചിലവും കഴിച്ച് നിലവില്‍ കിലോ കോഴി ഇറച്ചി 130 മുതല്‍ 140 രൂപ വരെ വില്‍ക്കാമെന്നിരിക്കെ അമിത ലാഭക്കൊതിയാണ് ചില കച്ചവടക്കാരെ വില കൂട്ടി വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ യുവജന സംഘടനകള്‍ ആരോപിച്ചു. മാനന്തവാടി താലൂക്കിലെ കോഴി ഇറച്ചി വില നിയന്ത്രിക്കണമെന്ന് ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നിരക്ക് കുറച്ച് ഏകീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam