
തിരുവനന്തപുരം: ഇരുട്ടിന്‍റെ മറവിൽ തിരുവനന്തപുരത്ത് ബൈപ്പാസിന്‍റെ സർവ്വീസ് റോഡിനോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ ഒരു ലോഡ് കോഴിമാലിന്യം തള്ളിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. ദുർഗന്ധം സഹിക്ക വയ്യാതെ നാട്ടുകാർ പരാതിയുമായെത്തിയതോടെ പൊലീസ് എത്തി ജെസിബിയുടെ സഹായത്തോടെ ഏറെ പണിപ്പെട്ട് മാലിന്യം കുഴിച്ച് മൂടി.
മുക്കോലക്കും കല്ലുവെട്ടാൻ കുഴിക്കുമിടയിലാണ് ഇന്നലെ രാത്രിയിൽ മാലിന്യം നിക്ഷേപിച്ചത്. പരിസരം മുഴുവൻ ദുർഗന്ധമായതോടെ നാട്ടുകാർ പരാതിയുമായി രംഗത്തിറങ്ങി. തെരുവ് നായകളും കാക്കകളും കൊത്തിവലിച്ച് വീടിന്‍റെ പരിസരത്തും മറ്റും കൊണ്ടിട്ടതും നാട്ടുകാരെ വലച്ചു. പ്രദേശത്ത് തെരുവ് വിളക്കോ നിരീക്ഷണ കാമറകളോ ഇല്ലാത്തത് സാമൂഹ്യവിരുദ്ധർക്ക് സഹായകരമായി. നേരത്തെയും പല പ്രാവശ്യം ഇവിടെ ചാക്കുകളിൽ എത്തിച്ച മാലിന്യം നിക്ഷേപിച്ചിരുന്നു. അതിന്‍റെ ദുരിതം മാറി വരുന്നതിനിടയിലാണ് ഇന്നലെ വീണ്ടും വാഹനത്തിൽ എത്തിച്ച കോഴിമാലിന്യം തട്ടിയത്.
നാട്ടുകാരുടെ പരാതി ശക്തമായതോടെ വിഴിഞ്ഞം പൊലീസ് എത്തി ജെസിബിയുടെ സഹായത്തോടെ സമീപത്തെ പറമ്പിൽ കുഴിച്ച് മൂടി താൽക്കാലിക പരിഹാരം കണ്ടു. സമീപ പ്രദേശങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ഇത്തരം സാമൂഹ്യ വിരുദ്ധരെ കണ്ടുപിടിക്കാൻ പ്രദേശത്ത് പട്രോളിംഗ് കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam