
കോഴിക്കോട്: ഇരു കൈകാലുകളും നിലത്തുകുത്തി മാത്രം നടക്കുമായിരുന്ന ഹർഷന്‍റെ ഇപ്പോഴത്തെ മാറ്റം ആരെയും അത്ഭുതപ്പെടുത്തും. സ്വന്തമായി നടക്കുന്ന പൊന്നോമനയെ കാണുമ്പോൾ ഇപ്പോള്‍ രക്ഷിതാക്കളുടെ കണ്ണ് നിറയും. ഹർഷനാണെങ്കിലോ, എന്നത്തേക്കാളും വലിയ സന്തോഷത്തിൽ കളി ചിരിയുമായി നടക്കുകയാണ്. കോഴിക്കോട് കുണ്ടായിത്തോട് കൊളത്തറയിലെ നാലു വയസുകാരൻ ഹർഷൻ ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്പെഷ്യൽ അങ്കണവാടി പദ്ധതിയിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ ശിൽപ്പയുടെ അടുത്തെത്തുന്നത്.
ഏറെ വിഷമകരമായ കാഴ്ചയായിരുന്നു അന്നു കണ്ടുനിന്നവർക്ക് അത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഹർഷന്‍റെ കുടുംബത്തിന് കുട്ടിയുടെ വളർച്ചാവികാസത്തിനായുള്ള ആഗ്രഹമല്ലാതെ, അവനെ മുന്നോട്ടുനയിക്കാനുള്ള ധാരണയോ അതു നിറവേറ്റാനുള്ള സാമ്പത്തികസ്ഥിതിയോ ഉണ്ടായിരുന്നില്ല. സ്പെഷ്യൽ എഡ്യൂക്കേറ്റർ ശിൽപ്പയുടെ പരമാവധി പരിശീലനം. ഒപ്പം മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും.
ഇവ രണ്ടും ചേർന്ന് ഹർഷൻ സ്വയം സ്വതന്ത്രമായി നടക്കാനുള്ള പ്രാപ്തിയിലേക്ക് എത്തിയിരിക്കുന്നു. ഏറ്റവും അഭിമാനവും അങ്ങേയറ്റം സന്തോഷവും തോന്നുവെന്ന് മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികളിലെ വളർച്ചാവികാസ പ്രശ്നങ്ങൾ എത്രയും നേരത്തെ കണ്ടെത്തി, അനുയോജ്യമായ പരിചരണങ്ങൾ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതിൽ ഏറ്റവും അഭിനന്ദനീയമായി മുന്നോട്ടുപോകുന്ന ഒന്നാണ് കേരള സാമൂഹ്യസുരക്ഷാമിഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി മേഖലയിൽ നടപ്പാക്കി വരുന്ന എസ് ഐ ഡി പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടമായി കോഴിക്കോട് ജില്ലയിൽ ആരംഭിച്ച സ്പെഷ്യൽ അങ്കണവാടി പദ്ധതിയിൽ 25 സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുണ്ട്.
75 അങ്കണവാടികളിലായി അവർ സേവനം ചെയ്യുന്നു. ഇതുവരെ ആകെ 2,234 കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു. അവരിൽ 1,141 കുട്ടികളെ ജനറൽ സ്കൂളുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. കൂട്ടായ പ്രയത്നത്തിന്റെ, ത്യാഗപൂർണ്ണമായ സമർപ്പണത്തിന്റെ, ഏറ്റവും മധുരിക്കുന്ന ഫലമാണ് കുഞ്ഞിക്കാലടിവെക്കുന്ന ഹർഷനെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ജില്ലയിൽ 876 കുട്ടികൾക്ക് വകുപ്പ് പരിശീലനം നൽകിവരുന്നുണ്ട്.
സാമൂഹ്യനീതി വകുപ്പിന്‍റെ ഈ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മുഴുവൻ അങ്കണവാടി വർക്കർമാർക്കും ഭിന്നശേഷിത്വസംബന്ധമായ പ്രത്യേക പരിശീലനം നൽകി അവരുടെ പരിപൂർണ്ണ സഹകരണം ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ട്. അങ്കണവാടി ഹെൽപ്പർമാർക്കുള്ള പരിശീലനം നടന്നുവരുന്നു. പുതു ജീവിതത്തിലേയ്ക്ക് നമുക്കൊരുമിച്ച് ഇനിയും നിരവധി ഹർഷന്മാരെ കൈപ്പിടിച്ചുയർത്തേണ്ടതുണ്ട്. കുഞ്ഞു ഹർഷന് നിറയെ ഉമ്മകൾ. ഹർഷന് പിന്തുണ നൽകിയ ശിൽപ്പയ്ക്കും കേരള സാമൂഹ്യ സുരക്ഷാ മിഷൻ ടീമിനും സ്നേഹാലിംഗനങ്ങളെന്നും മന്ത്രി കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം