വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന ലിജേഷിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 1.4 കിലോ കഞ്ചാവാണ് യുവാവിൽ നിന്നും പിടിച്ചെടുത്തത്.
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം നെടിയിരുപ്പ് സ്വദേശി ലിജേഷ് (32) ആണ്1.4 കിലോഗ്രാം കഞ്ചാവുമായിഅറസ്റ്റിലായത്. പിടിക്കപ്പെടാതിരിക്കാൻ ബസിൽ കേരളത്തിലേക്ക് വരവെയാണ് ലിജേഷ് എക്സൈസിന്‍റെ വാഹന പരിശോധനയിൽ കുടുങ്ങിയത്. വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദേവകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സജീഷ്.കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, അശ്വന്ത്, സുബിൻ രാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അതിനിടെ മാഹി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും അനധികൃതമായി കടത്തിക്കൊണ്ട് വന്ന 10 ലിറ്റർ മാഹി മദ്യവുമായി തമിഴ്നാട് തിരുപ്പൂർ സ്വദേശി അരുൺ(31) എന്നയാളെ അറസ്റ്റ് ചെയ്തു. വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ഗണേഷ്.കെ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) രതീഷ്.എ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ ആക്കിലേരി, രഗിൽ രാജ്, മുഹമ്മദ് അജ്മൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ തുഷാര എന്നിരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.
കാസർഗോഡ് മംഗൾപാടിയിൽ 23.4 ലിറ്റർ കർണ്ണാടക മദ്യവുമായി ഹരീഷ(36) എന്നയാളും അറസ്റ്റിലായി. കുമ്പള എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ജിജിൻ.എം.വി യും പാര്‍ട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർമാരായ മൊയ്‍തീൻ, സാദിഖ്.ടി.എം, സിവിൽ എക്സൈസ് ഓഫീസർ അവിനാഷ്.വി എന്നിവർ ഉണ്ടായിരുന്നു.


