പൈപ്പിലൂടെ വെള്ളം വന്നില്ല; അന്വേഷിക്കാൻ ഒന്നിച്ചുപോയി, ഒടുവില്‍ മരണത്തിന് കീഴടങ്ങി റിൻശയും ശറിനും

By Web TeamFirst Published Feb 3, 2020, 10:31 PM IST
Highlights

വീട്ടിലെ ഉപയോഗത്തിനായി ക്വാറിയിലെ ശുദ്ധ ജലം പൈപ്പ് വഴി എടുത്തിരുന്നു. എന്നാൽ, സംഭവ ദിവസം വെള്ളം വരാത്തത് കാരണം പൈപ്പ് ശരിയാക്കാൻ ക്വാറിയിലേക്ക് പോയതായിരുന്നു ഇരുവരും. 

കൊണ്ടോട്ടി: ക്വാറിയിൽ നിന്നും പൈപ്പിലൂടെ വെള്ളം വരാത്തത് അന്വേഷിക്കാൻ ചെന്ന കുട്ടികൾ മുങ്ങിമരിച്ചു. ഒളവട്ടൂർ കരട്കണ്ടം താഴത്തു വീട്ടിൽ കോയയുടെ മകൾ റിൻശ(15) മുഹമ്മദ് കുട്ടിയുടെ മകൾ നാജിയ ശറിൻ (13) എന്നിവരാണ് മരിച്ചത്. ജ്യേഷ്ഠാനുജമാരുടെ മക്കളാണ് ഇരുവരും.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. വീടിന് ഏകദേശം 500 മീറ്റർ അകലെ മൂച്ചിത്തോട്ടം എന്ന ഉയർന്ന സ്ഥലത്താണ് കരിങ്കൽ ക്വാറി. വീട്ടിലെ ഉപയോഗത്തിനായി ക്വാറിയിലെ ശുദ്ധ ജലം പൈപ്പ് വഴി എടുത്തിരുന്നു. എന്നാൽ, സംഭവ ദിവസം വെള്ളം വരാത്തത് കാരണം പൈപ്പ് ശരിയാക്കാൻ ക്വാറിയിലേക്ക് പോയതായിരുന്നു ഇരുവരും. കൂടെ റിൻശയുടെ മാതാവ് ലൈല, മറ്റ് മക്കളായ റിഫ, അല എന്നിവരുമുണ്ടായിരുന്നു. 

പൈപ്പ് ശരിയാകുന്നതിനായി റിൻശയും ശറിനും ക്വാറിയിലേക്ക് ഇറങ്ങി. എന്നാൽ, രണ്ട് പേരും വെള്ളത്തിൽ താഴുകയായിരുന്നു. നാട്ടുകാരെത്തി മുങ്ങിപ്പോയ കുട്ടികളെ പുറത്തെടുത്ത് പുളിക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാകില്ല.

നാല് വർഷത്തോളമായി ഖനനം നിർത്തിവച്ച ക്വാറിയാണിത്. ഒളവട്ടൂർ യതീംഖാന ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥിനികളായിരുന്നു ഇരുവരും. റിൻശ പത്താം ക്ലാസിലും നാജിയ ശറിൻ ഏഴാം ക്ലാസിലുമാണ് പഠിച്ചിരുന്നത്.

click me!