
ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലിലേക്കുള്ള റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. രണ്ടു വർഷം മുമ്പ് റോഡിൻറെ പണി തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ സമരം തുടങ്ങി.
മൂന്നാറിനടുത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലിലേക്ക് ദിനം പ്രതി നിരവധി സഞ്ചാരികളാണെത്തുന്നത്. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ നിന്നും ചിന്നക്കനാലിലേക്കുള്ള മൂന്ന് കിലോമീറ്റർ റോഡ് പൂർണ്ണമായും തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ചിന്നക്കനാൽ, സൂര്യനെല്ലി, സിങ്കുകണ്ടം തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് പുറത്തെത്താനുള്ള റോഡാണിത്. റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ട് വെള്ളം നിറഞ്ഞു കിടക്കുന്നു. ചിന്നക്കനാൽ റേഷൻകടയ്ക്ക് സമീപത്തെ കലുങ്കിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചത് വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു.
അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ചിന്നക്കനാൽ നിവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്. കുഞ്ചിത്തണ്ണി ആസ്ഥാനമായ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് റോഡ് നിർമ്മാണം കരാർ എടുത്തത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും പണികൾ എങ്ങുമെത്തിയില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് നാട്ടുകാർ സമര രംഗത്തെത്തിയത്.
സമരത്തിൻറെ ആദ്യപടിയായി ചിന്നക്കനാൽ പവർ ഹൗസ് ഭാഗത്ത് റോഡ് ഉപരോധിച്ചു. രണ്ടാഴ്ചക്കുള്ളിൽ നടപടികൾ ഉണ്ടായില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് ഓഫിസ് ഉപരോധം അടക്കമുള്ള സമരങ്ങൾ നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam