
പാലക്കാട്: ചിറ്റൂരിൽ വീട്ടുടമസ്ഥർ പ്രഭാത സവാരിക്ക് പോയ സമയത്ത് കവർച്ച . 31.5 പവൻ സ്വർണ്ണം നഷ്ടമായി. മുൻ കൗൺസിലർ സുന്ദരേശന്റെ വീട്ടിലാണ് കവർച്ച നടന്നത്. ചിറ്റൂർ പോലീസ് അന്വേഷണം ആരംഭിച്ചു
ഇന്ന് പുലർച്ചെ 5 മണിക്ക് അമ്പാട്ടുപാളയം സ്വദേശി സുന്ദരേശനും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്താണ് വീട്ടിൽ കവർച്ച നടന്നത്. പ്രാർത്ഥന മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 31.5 പവൻ സ്വർണമാണ് കവർന്നത്. അലമാരിക്ക് പുറത്തുവച്ച താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായി. പ്രഭാത സവാരി കഴിഞ്ഞ് തിരിച്ചെത്തിയ സുന്ദരേശൻ പൂജയ്ക്കായി ഉപയോഗിക്കുന്ന മോതിരം എടുക്കാനായി അലമാര തുറന്നപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
സുന്ദരേശൻ അറിയിച്ചതിനെ തുടർന്ന് ചിറ്റൂർ പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതായി ചിറ്റൂർ ഡിവൈഎസ്പി പറഞ്ഞു. വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും കൃത്യമായി അറിയുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് ഇതാദ്യമായാണ് ഇത്ര വലിയ കവർച്ച നടക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam