
കൊച്ചി: ചോറ്റാനിക്കരയിൽ പോക്‌സോ കേസ് അതിജീവിതയായ 19 കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന അനൂപ് എന്ന യുവാവാണ് 19കാരിയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയത്. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ പെൺകുട്ടിയെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും പ്രതി മൊഴി നൽകി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ "പോയി ചത്തോ" എന്നും അനൂപ് ആക്രോശിച്ചു. ക്രൂര മർദ്ദനത്തിന് ഇരയായ 19കാരി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ചോറ്റാനിക്കരയിൽ കഴിഞ്ഞ ശനിയാഴ്ച പാതിരാത്രിയിൽ നടന്ന നടുക്കുന്ന ക്രൂരതയാണ് അറസ്റ്റിലായ തലയോലപ്പറമ്പുകകാരൻ അനൂപിലൂടെ പുറത്തു വന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ കേട്ട് പൊലീസുപോലും നടുങ്ങി. തന്റെ സുഹൃത്തായിരുന്ന പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രിയും പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെ അനൂപ് പാതിരാത്രി ഇവരുടെ വീട്ടിലേക്ക് നേരിട്ട് എത്തി ആക്രമിക്കുകയായിരുന്നു. പെൺകുട്ടി വാതിൽ തുറന്നയുടനെ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു മർദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി.
പെട്ടന്നുള്ള ആക്രമണത്തിൽ തറയിലേക്ക് തെറിച്ചു വീണ പെൺകുട്ടിയെ പ്രതി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും പൊലീസ് പറയുന്നു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയിൽ കിട്ടിയ ചുറ്റികകൊണ്ട് വീശി. ചുറ്റിക പെൺകുട്ടിയുടെ തലയിൽ കൊണ്ടു. നിലവിളിച്ചിട്ടും തല പിന്നീട് ഭിത്തിയിൽ ഇടിപ്പിച്ചു. പെൺകുട്ടി ശബ്ദമുണ്ടാക്കിയതോടെ മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. അതിനിടെയാണ് വീടിനു പുറത്ത് ആളനക്കം കണ്ടത്. പെൺകുട്ടി വിളിച്ചിട്ട് ആരോ വന്നതാണെന് തെറ്റിദ്ധരിച്ചു ഇയാൾ വീണ്ടും കുട്ടിയെ മർദ്ദിച്ചു. പിന്നീട് വസ്ത്രങ്ങൾ വലിച്ചു കീറി ലൈംഗികമായി ഉപദ്രവിച്ചു
അതോടെയാണ് ഷാൾ ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കി താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞു പെൺകുട്ടി കട്ടിലിൽ കയറിയത്. എന്നാൽ ഇത് വക വെക്കാതെ 'പോയി ചത്തോ' എന്ന് അനൂപ് ആക്രോശിച്ചു. പിടിവിട്ട് ഷാളിൽ തൂങ്ങിയ പെൺകുട്ടി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ട് അനൂപ് അടുക്കളയിൽ നിന്ന് കത്തിയെടുത്തു ഷാൾ മുറിച്ചു. ഇതോടെ കുട്ടി പിടിഞ്ഞു താഴെ വീണു. കഴുത്തു മുറുകി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വീണ്ടും വായയും മൂക്കും അമർത്തിപ്പിടിച്ചു. ഇതോടെയാണ് പെൺകുട്ടി പൂർണമായും അബോധാവസ്ഥയിലായത്. ആറരവരെ വീട്ടിൽ തുടർന്ന അനൂപ് പെൺകുട്ടി മരിച്ചെന്നു കരുതി രക്ഷപ്പെട്ടു.
ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലും കൈയില്‍ മുറിവേറ്റ നിലയിലും പെൺകുട്ടിയെ കണ്ടത്. തുടർന്ന് പൊലീസ് അനൂപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വീട്ടിൽ എത്തിച്ചുള്ള തെളിവെടുപ്പിൽ ചുറ്റികയും ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തിയും, പെൺകുട്ടിയുടെ വസ്ത്രങ്ങളും കണ്ടെത്തി. ക്രൂരനായ പ്രതിയെ സ്വന്തം നാട്ടുകാർക്ക് പോലും ഇഷ്ടമല്ലായിരുന്നു എന്നും നാട്ടുകാർ തന്നെയാണ് ആളെവിടെ ഉണ്ടന്ന വിവരം അറിയിച്ചതെന്നും ചോറ്റാനിക്കര എസ്എച്ച്ഒ കെ.എൻ.മനോജ് പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടരുന്ന പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ തന്നെയാണ്. വെന്‍റിലേറ്ററിൽ നിന്ന് ഇതുവരെ മാറ്റിയിട്ടില്ല. തലയ്ക്കുള്ളിലും കഴുത്തിലുമാണ് പരിക്ക്. സ്വകാര്യഭാഗത്തടക്കം മുറിവുകൾ ഉണ്ട്.
Read More : 15കാരൻ്റെ ആത്മഹത്യ; സഹപാഠികളുടെയും സ്കൂൾ അധികൃതരുടെയും വിശദമായ മൊഴിയെടുക്കാൻ പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam