
മലപ്പുറം: മലപ്പുറത്തെ കുട്ടികളത്താണിയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനെ കാണാതായതായി ബന്ധുക്കളുടെ പരാതി. കുട്ടികളത്താണി റേഷൻ അരി സംഭരണ കേന്ദ്രത്തിലെ അസി. സെയിൽസ് മാൻ ബിബിഷ് മോഹനെയാണ് കാണാതായത്.
കുട്ടികളത്താണി ഗോഡൗണില്‍ കഴിഞ്ഞ ദിവസം മഴയിൽ നനഞ്ഞ് മുന്നൂറോളം ചാക്ക് റേഷൻ അരികള്‍ നശിച്ചിരുന്നു. ഇതിന്റെ അന്വേഷണത്തിനിടയിലാണ് ബിബീഷ് മോഹനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ താനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
തിരൂര്‍ താലൂക്കിലെ റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട അരിയാണ് സംഭരണകേന്ദ്രത്തില്‍ നനഞ്ഞ് നശിച്ചത്. നാല് ദിവസം മുമ്പ് പെയ്ത മഴയിലാണ് സംഭരണ കേന്ദ്രത്തിലേക്ക് വെള്ളം കയറിയത്. ഭിത്തിയോട് ചേര്‍ന്ന് കെട്ടിനിന്ന മഴവെള്ളമാണ് താഴെ ഭാഗത്തുകൂടി ഒലിച്ചിറങ്ങി അരിച്ചാക്കുകള്‍ നനച്ചത്. തൊണ്ണൂറ്റിരണ്ട് ലോഡുകളിലായി കൊണ്ടുവന്ന തൊള്ളായിരത്തോളം ചാക്ക് അരി ഇവിടെ അട്ടിയിട്ട് സൂക്ഷിച്ചിരുന്നു. ഇതില്‍ താഴത്തെ അട്ടിയിലെ അരിച്ചാക്കുകളാണ് നനഞ്ഞത്. അരി പൂത്ത് നശിക്കുകയും ചെയ്തു.
സംഭരണ കേന്ദ്രത്തിലേക്ക് വെള്ളം കയറിയത് അറിഞ്ഞ ജീവനക്കാര്‍ അന്ന് തന്നെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരോട് വിവരം ധരിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ ഇടപെട്ട് അരി ചാക്കുകള്‍ മാറ്റാൻ നിര്‍ദ്ദേശം വന്നപ്പോഴേക്കും മൂന്നുനാല് ദിസങ്ങളെടുത്തു. അപ്പോഴേക്കും അരി ഉപയോഗ്യ ശൂന്യമായിക്കഴിഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam