ശബരിമല സന്നിധാനത്ത് പകർച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

By Web TeamFirst Published Jun 20, 2019, 3:35 PM IST
Highlights

സന്നിധാനത്തെ കൊപ്ര കരാർ ഏറ്റെടുത്ത കരാറുകാരൻ ചിരട്ട നീക്കം ചെയ്യാത്തത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ആരോഗ്യ വകുപ്പ് പകർച്ചവ്യാധി മുന്നറിയിപ്പ് നല്‍കി. സന്നിധാനത്തെ കൊപ്ര കരാർ ഏറ്റെടുത്ത കരാറുകാരൻ ചിരട്ട നീക്കം ചെയ്യാത്തത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക. മഴ ശക്തി പ്രാപിച്ചതോടെ ചിരട്ടയിൽ വെള്ളം കെട്ടി കിടന്ന് കൊതുകുകൾ പെരുകാൻ തുടങ്ങി. ചിരട്ട നീക്കാനാവശ്യപ്പെട്ട് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കരാറുകാരന് നോട്ടീസ് നൽകി.

കഴിഞ്ഞ മണ്ഡലകാലം മുതലുള്ള ചിരട്ടയാണ് നീക്കാതെ കൊപ്ര കളത്തിൽ കെട്ടികിടക്കുന്നത്. മഴക്കാലമെത്തിയതോടെ ചിരട്ടകളിൽ വെള്ളം നിറഞ്ഞ് കൊതുക് വളരുകയാണ്. നട അടച്ച ശേഷം സന്നിധാനത്ത് താമസിക്കുന്നവർക്ക് പകർച്ചവ്യാധി വന്നേക്കാമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. തീർത്തും വൃത്തിഹീനമായ അന്തരീക്ഷമാണ് കൊപ്രാ കളത്തിലും പരിസരത്തുമുള്ളത്. 

സ്ഥലം സന്ദർശിച്ച എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും ആരോഗ്യ വകുപ്പ് അധികൃതരും ചിരട്ട നീക്കാൻ നിർദ്ദേശം നൽകി. വിഷയം കലക്ടർ, ദേവസ്വം കമ്മിഷണർ എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയതായി മജിസ്ട്രേറ്റ് അറിയിച്ചു. എന്നാൽ ചിരട്ടക്ക് വില കുറഞ്ഞതാണ് നീക്കാത്തതിന് കാരണമായി കരാറുകാരൻ പറയുന്നത്. ആറ് കോടി രൂപക്കാണ് കൊപ്ര കളം സ്വകാര്യ വ്യക്തിക്ക് ദേവസ്വം ബോർഡ് ലേലത്തിൽ നൽകിയത്.

മിഥുനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. അമ്പതിനായിരത്തോളം തീർത്ഥാടകരാണ് അഞ്ച് ദിവസത്തിനിടെ അയ്യപ്പദർശനത്തിന് എത്തിയത്. ഇന്ന് സഹസ്രകലശ പൂജ ഉൾപ്പെടെയുള്ള പൂജകൾ നടക്കും. രാത്രി ഏഴ് മണിക്ക് ശേഷം തീർത്ഥാടകരെ പമ്പയിൽ നിന്ന് കടത്തിവിടില്ല. കർക്കിടക മാസപൂജകൾക്കായി അടുത്ത മാസം 16ന് ക്ഷേത്രനട വീണ്ടും തുറക്കും.

click me!