പൂഴ്ത്തിവെപ്പ്, അമിത വില: കോഴിക്കോട് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

By Web TeamFirst Published Apr 22, 2020, 10:18 PM IST
Highlights

അളവ് തൂക്ക ഉപകരണം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടു ബോധ്യപ്പെടുന്ന സ്ഥലത്തു വച്ച് തൂക്കണമെന്ന് നിര്‍ദ്ദേശം, അമിത വില ഈടാക്കിയാല്‍ നടപടി.

കോഴിക്കോട്: കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില  എന്നിവ തടയുന്നതിനായി വടകര സപ്ലൈ ഓഫീസ് പരിധിയില്‍ രൂപീകരിച്ച സ്‌ക്വാഡ് വളയം, വൈക്കിലശ്ശേരി റോഡ്, കളരിയുള്ളതില്‍ ക്ഷേത്രം, വെളുത്തമല ഭാഗങ്ങളില്‍ റെയ്ഡ് നടത്തി. വളയം അങ്ങാടിയിലെ പഴം, പച്ചക്കറിക്കടകളില്‍ അമിത വില ഈടാക്കുന്നതായും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന്  ഇവിടങ്ങളില്‍ പഴത്തിന്റെയും പച്ചക്കറികളുടെയും വില മറ്റിടങ്ങളിലേതുപോലെ കുറപ്പിച്ചു. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചു.   

അളവ് തൂക്ക ഉപകരണം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടു ബോധ്യപ്പെടുന്ന സ്ഥലത്തു വച്ച് തൂക്കുന്നതിനും നിര്‍ദേശിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ  റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സജീഷ് കെ.ടി, നിജിന്‍ ടി.വി, ശ്രീധരന്‍ കെ.കെ., ജീവനക്കാരായ വി.വി പ്രകാശ്, സുനില്‍ കുമാര്‍ എസ്, ശ്രീജിത്ത് കുമാര്‍ കെ.പി. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

അഴിയൂര്‍ പഞ്ചായത്തിന്റെ മാഹി അതിര്‍ത്തിയില്‍ വാഹന പരിശോധന കര്‍ശനമാക്കി. ജില്ല വിട്ടുള്ള യാത്രകള്‍ കര്‍ശനമായും നിയന്ത്രിച്ചിട്ടുണ്ട്. മുഴുവന്‍ വാഹനങ്ങളുടെയും വിവരം റോഡ് വിജില്‍ എന്ന മൊബൈല്‍ ആപ്പില്‍ ശേഖരിക്കുന്നുണ്ടെന്ന് പഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു. മെഡിക്കല്‍ എമര്‍ജന്‍സി, ജില്ലാ കലക്ടറുടെ പാസ്സ് എന്നിവ ഉള്ളവരെ മാത്രമേ അതിര്‍ത്തിയില്‍ കടത്തി വിടുന്നുള്ളൂ. ഇതിനായി ആരോഗ്യ ചെക്ക് പോസ്റ്റും റവന്യൂ ചെക്ക് പോസ്റ്റും  പ്രവര്‍ത്തിക്കുന്നുണ്ട്.  

വടകര ഡിവൈഎസ്പി പ്രിന്‍സ് എബ്രാഹാം, കണ്‍ട്രോള്‍ ഡിവൈഎസ്പി രാഗേഷ് കുമാര്‍, പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ ലൗജ എന്നിവര്‍ വാഹന പരിശോധനക്ക് നേതൃത്വം നല്‍കുന്നു.   ചെക്ക് പോസ്റ്റിലെ ജൈവ, അജൈവ മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്‌കരിക്കുന്നുണ്ട്.

click me!